ഫാഷൻ ഷോകളിൽ തിളങ്ങി നാടിന്റെ താരമായിരിക്കുകയാണ് നൈക ഷൈജിത്ത് എന്ന എട്ടുവയസുകാരി. വയനാട് വെള്ളമുണ്ട സ്വദേശിയായ നൈക, കൈ നിറയെ നേട്ടങ്ങളുമായാണ് വേദികളിൽ നിന്ന് ഇറങ്ങുന്നത്. ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് നൈകയെ ഫാഷന്റെ ലോകത്തേക്ക് എത്തിച്ചത്.
ഇതുവരെ പങ്കെടുത്ത 13 പേജന്റ് ഷോകളിൽ ഏഴെണ്ണത്തിൽ ടൈറ്റിൽ വിജയിയും മൂന്നെണ്ണത്തിൽ ഫസ്‌റ്റ് റണ്ണർ അപ്പും ഒരെണ്ണത്തിൽ സെക്കന്റ് റണ്ണറപ്പുമാണ്. 2024 ഒക്‌ടോബറിൽ കോഴിക്കോട് നടന്ന ഫാഷൻ ഷോയിലാണ് ഈ മിടുക്കി ആദ്യമായി പങ്കെടുത്തത്. ഒരു അവസരം കിട്ടിയപ്പോൾ വെറുതെ പങ്കെടുത്തതായിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്‌ചവെച്ചു.
തുടർന്ന് എറണാകുളം ബിയാട്രിക്‌സ് മോഡലിങ് ഏജൻസിയിൽ നൈകയ്‌ക്ക് പരിശീലനം നൽകി. ഇതോടെ വിവിധ മൽസരങ്ങളിൽ നൈക തിളങ്ങി ആളുകളുടെ കൈയ്യടി നേടി. മുംബൈയിൽ നടന്ന നാഷണൽ ലെവൽ പേജന്റ് ഷോയിൽ നൈക ടൈറ്റിൽ വിന്നറുമായി. പരസ്യങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സിനിമയിലും നൈക അഭിനയിച്ചിട്ടുണ്ട്.
പഠനത്തോടൊപ്പം ഫാഷനും മുന്നോട്ടുകൊണ്ടു പോകണമെന്നാണ് നൈകയുടെ ആഗ്രഹം. വെള്ളമുണ്ട എട്ടേനാൽ സ്വദേശി എടവക ഗ്രാമപഞ്ചായത്ത് വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ ഷൈജിത്തിന്റെയും ഫിസിയോ തെറാപ്പിസ്‌റ്റ് ദിവ്യയുടെയും മകളാണ് നൈക. വെള്ളമുണ്ട എയുപി സ്‌കൂളിലെ മൂന്നാംക്ളാസ് വിദ്യാർഥിനിയാണ്. സഹോദരൻ: നൈതിക്.
Most Read| ‘ചേർന്ന് പ്രവർത്തിക്കും’; ഇന്ത്യ- കാനഡ ബന്ധം സാധാരണ നിലയിലേക്ക്







































