
പൊന്നാനി: തീരദേശ മേഖലയിലെ 7500 ഓളം കുടുംബങ്ങളിലേക്ക് ആനുകൂല്യം എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഫ്ളാഗ് ഓഫ് മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി കെപി നൗഷാദ് അലി ചെയർമാനായ എംപി ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം റമദാനിൽ ആരംഭിച്ച ‘കൈത്താങ്ങ് സ്നേഹതീരം’ പദ്ധതി ഇതുവരെ വിവിധ സഹായങ്ങളിലൂടെ ആയിരങ്ങൾക്ക് ആശ്വാസമായിട്ടുണ്ടെന്ന് സംഘാടകർ വിശദീകരിച്ചു.
“കഴിഞ്ഞ വർഷം 116 ഓല വീടുകളുടെ പുനർനിർമാണം, തയ്യൽ മെഷീനുകളുടെ വിതരണം, സ്വയം തൊഴിൽ ആരംഭിക്കാനുള്ള സാമ്പത്തിക പിന്തുണ ഉൾപ്പടെയുള്ള വിവിധ സഹായങ്ങളിലൂടെയാണ് തീരദേശ മേഖലയിൽ ഈ പദ്ധതി ആശ്വാസമായത്. ചെറുതെങ്കിലും അർഹരായ 7500 ഓളം കുടുംബങ്ങൾക്ക് ആനൂകൂല്യം കിട്ടുന്ന രീതിയിലാണ് ഇത്തവണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുന്നോട്ടുള്ള വർഷങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങളുമായി പദ്ധതി തുടരാനാണ് തീരുമാനം.” – കെപി നൗഷാദ് അലി പറഞ്ഞു.
തീരദേശ വാസികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഭക്ഷണം എന്നിവയിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ മറ്റുമേഖലയിലും ‘കൈത്താങ്ങ് സ്നേഹതീരം’ എത്തുന്നുണ്ട്.

ഫൈസൽ ബാഫഖി തങ്ങൾ ഫ്ളാഗ് ഓഫ് നിർവഹിച്ച ചടങ്ങിൽ ടികെ അഷ്റഫ്, ജയപ്രകാശ്, നബീൽ, കുഞ്ഞി മുഹമ്മദ്, അഡ്വക്കേറ്റ് ജബ്ബാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, രാമനാഥൻ, പവിത്രൻ, എംകെ റഫീഖ്, സുരേഷ് പുന്നക്കൽ എന്നിവരും കൗൺസിലർമാരായ മുനീബ്, കബീർ, ഇല്യാസ് മൂസ, സോമൻ, മിതിലാജ്, ശ്രീകല, ഖാദർ കുട്ടി മാഷ് എന്നിവർ പങ്കെടുത്തു.
Most Read| കേരള നേറ്റിവിറ്റി കാർഡ്; ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം




































