ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ പുന്നപ്ര തെക്ക് നാൽപ്പതിൽച്ചിറ ഉഷ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിൽസിച്ച ഡോക്‌ടർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികയ്‌ക്ക് എതിരെയാണ് കേസെടുത്തത്.
ജീവന് ഭീഷണിയാകും വിധം അശ്രദ്ധയോടെ പ്രവർത്തിച്ചുവെന്നതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 125 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ശസ്‌ത്രക്രിയ്‌ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ കൂടിയായ ഡോ. ജെ. ഷാഹിദ, നഴ്‌സ് പിഎസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ സസ്‌പെൻഡ് ചെയ്‌തു.
ഷാഹിദയുടെ പേരിൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷാഹിദയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് 2011 മേയ് 12ന് ശസ്‌ത്രക്രിയ നടത്തിയത്. സീനിയർ റെസിഡന്റും പിജി ഡോക്‌ടറും അനസ്‌തേഷ്യ വിഭാഗത്തിലെ മൂന്ന് ഡോക്‌ടർമാരും മൂന്ന് നഴ്‌സുമാരും ഒപ്പമുണ്ടായിരുന്നു.
ശസ്‌ത്രക്രിയക്ക് മുൻപും ശേഷവും മുഴുവൻ ഉപകരണങ്ങളും പരിശോധിച്ച് തിട്ടപ്പെടുത്തിയതായാണ് ചികിൽസാ രേഖകളിലുള്ളത്. എന്നാൽ, ഇതിൽ വീഴ്‌ച പറ്റിയിട്ടുണ്ടെന്നാണ് സംശയം. ഇതിനിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ ലഘൂകരിച്ച് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച വീഴ്‌ചയാണിതെന്നാണ് കണ്ടെത്തൽ.
പ്രിൻസിപ്പൽ ചുമതലപ്പെടുത്തിയ നാലംഗ സമിതിയുടെ പ്രാഥമികാന്വേഷണ റിപ്പോർട് വെള്ളിയാഴ്‌ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് കൈമാറി. വീഴ്‌ച പറ്റിയെന്ന് അധികൃതർ സമ്മതിച്ചു. ഒരിക്കൽ നടക്കാൻ പാടില്ലാത്തതാണെന്നും കോവിഡ് കാലമായതിനാൽ ശസ്‌ത്രക്രിയകൾക്ക് പരിമിതി ഉണ്ടായിരുന്നുവെന്നുമാണ് വിശദീകരണം.
അഞ്ചുവർഷമായി കത്രിക ഉഷയുടെ വയറ്റിലാണ്. 2021 ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഉഷയ്‌ക്ക് ശസ്‌ത്രക്രിയ നടന്നിരുന്നു. ഇതിനിടെ കുടുങ്ങിയ കത്രികയാണ് ഇതെന്നാണ് പരാതി. എംആർഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. അതേസമയം, കത്രിക നീക്കുന്നതിനായി ഉഷ ജോസഫുകുട്ടിയെ ഇന്ന് അമൃത ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയയാക്കും. രാവിലെ പത്തിന് ശസ്‌ത്രക്രിയ തുടങ്ങും.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ






































