ഉഷയുടെ ശസ്‌ത്രക്രിയ പൂർത്തിയായി, കത്രിക പുറത്തെടുത്തു; പോലീസിന് കൈമാറി

വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ തൊണ്ടിമുതലാണ്.

By Senior Reporter, Malabar News
Malabar-News_Medical-negligence
Representational Image
Ajwa Travels

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് കൈമാറി.

സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്‌ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്‌ത്രക്രിയ. കളമശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്‌ടർമാരാണ് ശസ്‌ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ തൊണ്ടിമുതലാണ്.

ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കാനുള്ള ശസ്‌ത്രക്രിയ കഴിഞ്ഞു അഞ്ചുവർഷം ആകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്‌ത്രക്രിയക്ക്‌ ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക ആണ് ഉഷയുടെ വയറ്റിൽ ഉണ്ടായിരുന്നത്,

2021 മേയ് പത്തിനായിരുന്നു ശസ്‌ത്രക്രിയ. പിന്നീട് നിരന്തരമായ വയറുവേദനയും മൂത്രത്തിൽ രക്‌തവും കണ്ടതോടെ പലയിടത്തും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല. ഒടുവിൽ, ബുധനാഴ്‌ച ആലപ്പുഴയിലെ യൂറോളജി വിദഗ്‌ധന്റെ നിർദ്ദേശപ്രകാരം എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രികയുള്ളതായി മനസിലായത്.

തുടർന്ന്, വ്യാഴാഴ്‌ച രാവിലെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്‌ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്‌ടർമാർ പറഞ്ഞതായും ഉഷയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം, സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്‌ച സമ്മതിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച വീഴ്‌ചയാണെന്നായിരുന്നു വിശദീകരണം.

സംഭവത്തിൽ ചികിൽസിച്ച ഡോക്‌ടർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികയ്‌ക്ക് എതിരെയാണ് കേസെടുത്തത്. ജീവന് ഭീഷണിയാകും വിധം അശ്രദ്ധയോടെ പ്രവർത്തിച്ചുവെന്നതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.

ശസ്‌ത്രക്രിയ്‌ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ കൂടിയായ ഡോ. ജെ. ഷാഹിദ, നഴ്‌സ് പിഎസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ സസ്‌പെൻഡ് ചെയ്‌തു. അതിനിടെ, സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം ശക്‌തമായി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോഗ്യ മന്ത്രിക്കെതിരെയും സർക്കാരിനെതിരെയും രംഗത്തെത്തി.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE