തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ തീപിടിത്തം. മൂന്ന് ബസുകൾ കത്തിനശിച്ചു. സ്‌കോട്ടിഷ് സ്‌കൂൾ വളപ്പിൽ ഇന്ന് പുലർച്ചെ 2.45ഓടെയാണ് വൻ തീപിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസുകൾക്കാണ് തീപിടിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.
സംഭവ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്‌കൂളിൽ ഉണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്‌ക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി.
അതേസമയം, ബസുകൾ ആരോ മനഃപൂർവം കത്തിച്ചതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി. രണ്ട് വലിയ ബസുകളും ഒരു ടെമ്പോ ട്രാവലർ മിനിബസുമാണ് പൂർണമായും കത്തിനശിച്ചത്. വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിർത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലർ മറ്റൊരു സ്‌ഥലത്തും പാർക്ക് ചെയ്‌തിരുന്നു.
എന്നാൽ, ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ ശേഷമാണ് തീയിട്ടതെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്‌തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല








































