കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവിൽ ബിരുദ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ-ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്.
കൊയിലാണ്ടി ശ്രീനാരായണ ഗുരുർദേവ കോളേജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് ശ്രീനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ കോളേജിൽ നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉൽസവ എഴുന്നള്ളത്ത് കാണാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല.
പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുള്ളതാണ് ദുരൂഹത ഉയർത്തുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read| ‘താൻ ഇടപെട്ടത് നന്നായി, ഇല്ലെങ്കിൽ 3.5 കോടി പേർ കൊല്ലപ്പെട്ടേനെ’; വീണ്ടും ട്രംപ്




































