കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ സംസ്‌ഥാന വ്യാപകമായി സിപിഎം പ്രതിഷേധം. കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്‌തമായി. പ്രതിഷേധക്കാർ ഡിസിസി ഓഫീസിലേക്ക് കല്ലെറിഞ്ഞു.
പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘർഷത്തിൽ കെഎസ്‌യു സംസ്‌ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. അക്രമിച്ചവർക്ക് തിരിച്ചടി നൽകുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം പ്രതികരിച്ചു.
നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തകകർ യൂത്ത് കോൺഗ്രസിന്റെ രാപ്പകൽ സമരപ്പന്തൽ തകർത്തു. എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ വിഡി സതീശന്റെ ഫ്‌ളക്‌സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസിന്റെ കൊടിമരം തകർത്തു. പതാക കത്തിച്ചു. പുതുയുഗ യാത്രയുടെ ബോർഡുകൾ തകർത്തു.
കൊല്ലം പുനലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചു. കോഴിക്കോട് മുക്കത്തും ഡിവൈഎഫ്ഐ പ്രകടനത്തിനിടെ യുഡിഎഫ് ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചു. ആരോഗ്യമന്ത്രിക്കെതിരെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് കെഎസ്‌യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആയിരുന്നു മന്ത്രി വീണാ ജോർജിന് പരിക്കേറ്റത്.
കഴുത്തിനും കൈക്കും പരിക്കേറ്റി മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി ആശുപത്രിയിൽ എത്തി. മന്ത്രിക്കെതിരെ നടന്ന ആക്രമണം രാഷ്‌ട്രീയ ആഭാസമാണെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റെന്നത് നാടകമാണെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും പോയിട്ടില്ലെന്ന് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ പറഞ്ഞു.
Most Read| എയിംസ്; കേരളത്തിന്റെ ആവശ്യം നിസാരമായി കാണാനാകില്ല- ഹൈക്കോടതി



































