കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങളൊന്നും ഇതിലില്ല.
മന്ത്രിക്കെതിരായ ആക്രമണത്തിന് പിന്നാലെ ഇന്നലെ കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടു. അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്. മന്ത്രിയെ ആക്രമിച്ച കേസിൽ അഞ്ച് കെഎസ്യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കെഎസ്യു ജില്ലാ പ്രസിഡണ്ട് എംസി. അതുൽ, അഹമ്മദ് യാസീൻ, സിഎച്ച്. അബ്ബാസ്, വിവി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കെഎസ്യു പ്രവർത്തകർക്ക് എതിരായ കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
എകെജി ആശുപത്രിക്ക് മുന്നിൽ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിന് പുറത്ത് ബിജെപി പ്രവർത്തകരാണ് മന്ത്രിക്കെതിരെ ആദ്യം പ്രതിഷേധിച്ചത്. അതിനുശേഷം മന്ത്രി പ്ളാറ്റ്ഫോമിൽ എത്തിയപ്പോഴാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
അഞ്ചോളം പ്രവർത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇവരെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മന്ത്രി പ്രതിഷേധക്കാരോടും പോലീസിനോടും കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ”എന്താ എനിക്ക് നടക്കാൻ പറ്റില്ലേ, ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ” എന്ന് മന്ത്രി പറയുന്നുണ്ട്.
പ്രതിഷേധക്കാരെ മാറ്റിയ ശേഷം കടന്നുപോയ മന്ത്രി ഇവിടെയുണ്ടായിരുന്ന സ്പീക്കർ എഎൻ. ഷംസീറിനെ കണ്ടു. തുടർന്നാണ് തനിക്ക് പരിക്കേറ്റുവെന്ന് മന്ത്രി വെളിപ്പെടുത്തിയത്. സ്പീക്കറുടെ നിർദ്ദേശ പ്രകാരം മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, മന്ത്രിയെ ഇന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനക്ക് വിധേയയാക്കും.
എംആർഐ സ്കാനിങ് ഉൾപ്പടെ നടത്തി ആവശ്യമായ ചികിൽസ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞതിന് ശേഷമാണ് രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരത്തേക്ക് മാറ്റിയത്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം



































