കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിൽ ഉണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫി എടുത്ത സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യപ്രവർത്തക പിസി.സ്മിത. കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായെന്നും അതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും സ്മിത സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
മന്ത്രി അഭിനയിച്ചെന്നും നാടകം കളിച്ചെന്നുമുള്ള പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണെന്നും സ്മിത പറഞ്ഞു. മന്ത്രിയും ആരോഗ്യ പ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫീസ് മെഡിക്കൽ കോളേജ് അധികൃതരോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തുടർചികിൽസയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് പോയത്. മന്ത്രിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ ഡോക്ടർമാരുടെ മൊഴി റെയിൽവേ പോലീസ് രേഖപ്പടുത്തി. റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. സംഭവം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. ഇവയിൽ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചില്ലെന്നാണ് വിവരം.
Most Read| മദ്യനയക്കേസ്; കെജ്രിവാളും സിസോദിയയും കുറ്റവിമുക്തർ, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി






































