ന്യൂഡെൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എല്ലാവരും ഷെൽട്ടറുകളിൽ തന്നെ തുടരണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യമായവുമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അടിയന്തിര സാഹചര്യം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ വഴി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോൺ: +972-54-7520711, ഇ-മെയിൽ-cons1.telaviv@mea.gov.in.
ഇറാനിലെ എല്ലാ ഇന്ത്യൻ പൗരൻമാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസിയും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യക്കാർക്ക് എമ്പസിയുമായി ബന്ധപ്പെടാം. +989128109115, +989128109190, +989128109102, +989932179359.
അതേസമയം, ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിന് നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനിൽ നിൻ വിക്ഷേപിച്ച മിസൈലുകൾ ഇസ്രയേലിന് നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫീസ് സമുച്ചയത്തിന് സമീപമാണ് ഇസ്രയേൽ ആക്രമണം നടന്നതെന്നാണ് വിവരം. ഖമനയി സുരക്ഷിത താവളത്തിലേക്ക് മാറിയതായും വിവരമുണ്ട്. അതിനിടെ, എല്ലാ സിവിലിയൻ വിമാനങ്ങളും വിലക്കി ഇസ്രയേലിന്റെ വ്യോമമേഖല അടച്ചിട്ടതായി ഇസ്രയേൽ ഗതാഗത മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പൊതുജനങ്ങൾ വരരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം








































