തിരുവനന്തപുരം: ഇനി പരീക്ഷാ ചൂടിലേക്ക്. സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് എസ്എസ്എൽസി, പ്ളസ് വൺ പരീക്ഷകൾ നടക്കും. പ്ളസ് ടു പരീക്ഷ മറ്റന്നാൾ ആണ് നടക്കുന്നത്.
സംസ്‌ഥാനത്ത് 3031 പരീക്ഷ കേന്ദ്രങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും പ്ളസ് വൺ പരീക്ഷ ഉച്ചയ്‌ക്ക് ശേഷവുമാണ് നടക്കുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും ഹയർ സെക്കൻഡറി, വിഎച്ച്‌എസ്ഇ പരീക്ഷകൾ 28നും അവസാനിക്കും.
അതേസമയം, ഇസ്രയേൽ-യുഎസ്-ഇറാൻ യുദ്ധ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഈ ആഴ്‌ച പൊതു പരീക്ഷകളില്ല. ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇവർക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തും.
അതിനിടെ, പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച്, നിങ്ങൾ ഇതുവരെ ആർജിച്ച അറിവുകൾ ആത്‌മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണമെന്ന് മന്ത്രി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പത്താം ക്ളാസ് എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തിൽ എല്ലാവർക്കും പ്ളസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ തിരക്കുകൾക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകാൻ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read| മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ





































