ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെ ടെഹ്റാനിൽ ശക്‌തമായ പ്രതിഷേധം ഉയരുന്നതായി രാജ്യാന്തര മാദ്ധ്യമങ്ങളുടെ റിപ്പോർട്. ഇസ്രയേൽ- യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിക്ക് പിൻഗാമിയായാണ് 56-കാരനായ മൊജ്‌തബ പരമോന്നത നേതാവാകുന്നത്.
മൊജ്‌തബയുടെ നിയമനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടെഹ്റാനിലെ എക്ബതാൻ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് റിപ്പോർട്. ‘മൊജ്‌തബയ്‌ക്ക് മരണം’ എന്ന് പേർഷ്യൻ ഭാഷയിൽ വിളിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ളി ഓഫ് എക്‌സ്‌പെർട്‌സ് ഞായറാഴ്‌ചയാണ് മൊജ്‌തബയെ പരമോന്നത നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ഇറാനിലെ വിപ്ളവ പാരമ്പര്യത്തിന് വിരുദ്ധമായി അധികാരം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നതിനെ ജനങ്ങൾക്കിടയിൽ വലിയൊരു വിഭാഗം എതിർക്കുന്നുണ്ട്.
ഇറാൻ റവല്യൂഷണറി കാർഡുമായി (ഐആർജിസി) അടുത്ത ബന്ധമുള്ള മൊജ്‌തബ, തന്റെ പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് അറിയപ്പെടുന്നത്. ഇസ്രയേൽ-ഇറാൻ സഖ്യമായുള്ള യുദ്ധം തുടരുന്നതിടയിലാണ് നിർണായകമായ നേതൃമാറ്റം നടന്നിരിക്കുന്നത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം










































