ലക്നൗ: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ 32-കാരൻ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. കോടതി അനുമതി നൽകിയതിന് പിന്നാലെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ മാറ്റിയിരുന്നു. ഡെൽഹി എയിംസിലെ പാലിയേറ്റീവ് കെയർ വാർഡിൽ പത്ത് ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹരീഷ്.
ഹരീഷ് ഏത് സമയവും സ്വാഭാവികമായി മരണത്തിലേക്ക് പോകാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അന്തസായി മരിക്കാനുള്ള അവകാശം പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 13 വർഷമായി കോമയിലായിരുന്നു ഹരീഷ്.
2013 ഓഗസ്റ്റിൽ സർവകലാശാലയിൽ എൻജിനിയറിങ്ങിന് പഠിക്കുമ്പോൾ, താമസിച്ചിരുന്ന വാടക കെട്ടിടത്തിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ കിടപ്പിലാണ്. ശരീരം അനക്കാൻ പോലും കഴിയാത്തവിധം 100% വൈകല്യം ബാധിച്ചു.
ശുശ്രൂഷയ്ക്ക് ഒരാളെ പോലും വയ്ക്കാതെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം ഹരീഷിനെ പരിപാലിച്ചു. എന്നാൽ, സാമ്പത്തിക പരാധീനതയും മകൻ അനുഭവിക്കുന്ന
ദൈന്യതയുമാണ് ദയാമരണം തേടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം



































