തൃശൂർ: ആർഎസ്എസുമായി ചേർന്ന് സിപിഎം മൽസരിച്ചെന്ന പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
”രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് എന്നെ കണ്ടതെന്ന് ഏല്ലാവർക്കും അറിയാം. ആർഎസ്എസിന്റെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ. ഇപ്പോൾ എന്ത് നുണയും പറയാം എന്നായി. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറമെ പോയവരാണ് കോൺഗ്രസ്”- മുഖ്യമന്ത്രി വിമർശിച്ചു.
ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ട്. വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായി അല്ല തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്‌തു. ഒരുപാട് പേർ വീടുകൾ നിർമിക്കാൻ സന്നദ്ധത കാണിച്ചു.
ലീഗ് സ്വന്തമായി വീട് നിർമിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴും പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. അവർ അവരുടെ നിലപാടുമായി മുന്നോട്ടുപോയി. കോൺഗ്രസ് ടൗൺഷിപ്പുമായി സഹകരിക്കുമെന്നാണ് അന്നേരമുണ്ടായിരുന്ന ധാരണ. ഒരു ദുരന്തം ഉണ്ടായാൽ പണം പിരിച്ചു പദ്ധതി നടപ്പിലാക്കാതിരിക്കുന്നത് ഗുരുതര കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ‘ജഗ് വസന്ത്’ ഗുജറാത്ത് തീരത്ത്; മറ്റൊരു കപ്പൽ ഇന്നെത്തും







































