ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികളിൽ നിർണായക ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി. അവിശ്വാസികളുടെ ഹരജി കോടതി എന്തിന് കേൾക്കണമെന്നാണ് സുപ്രീം കോടതി ജസ്‌റ്റിസ് ബിവി. നാഗരത്‌ന ചോദ്യം ഉന്നയിച്ചത്.
ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തതും, അയ്യപ്പഭക്‌തർ അല്ലാത്തതുമായവരുടെ ആവശ്യം എന്തിനാണ് പരിഗണിച്ചത് എന്ന് ജസ്‌റ്റിസ് നാഗരത്‌ന ആരാഞ്ഞു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്‌തരായ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ജസ്‌റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സോളിസിറ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണായക ചോദ്യം ജസ്‌റ്റിസ് നാഗരത്‌ന ഉന്നയിച്ചത്.
യുവതീ പ്രവേശനത്തിനുള്ള പൊതുതാൽപര്യ ഹരജി കോടതി സ്വീകരിക്കാൻ പാടില്ലായിരുന്നു. വിശ്വാസികൾ അല്ലാത്തവർ ഹരജി നൽകേണ്ടതില്ലെന്നും ജസ്‌റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. സ്‌ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏതെങ്കിലും അയ്യപ്പവിശ്വാസി പറഞ്ഞിട്ടുണ്ടോ. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടും. പല അജണ്ടകളുമായി ചിലർ പൊതുതാൽപര്യ ഹർജിയുമായി എത്തുമെന്നും ജസ്‌റ്റിസ് നാഗരത്‌ന പറഞ്ഞു.
യുവതീ പ്രവേശന ആവശ്യവുമായി ഏതെങ്കിലും വ്യക്‌തി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് ആയിരിക്കും. ബന്ധം വിശദീകരിക്കാൻ ആയില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്‌റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
ഇക്കാര്യം കണക്കിലെടുത്തുവെങ്കിൽ 2006ൽ തന്നെ കേസ് തള്ളിയേനെയെന്നും ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. എന്നാൽ, അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉൾപ്പടെ ഈ വിഷയം പരിഗണിച്ച ശേഷമാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത് എന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.
ജഡ്‌ജിമാരുടെ നിരീക്ഷണത്തോട് യോജിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുസ്‌ലിം പള്ളികളിൽ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. താൻ അങ്ങനെ സമീപിച്ചാൽ അതിനുള്ള അവകാശം തനിക്ക് എന്താണെന്ന് കോടതി ആരായുമെന്നും തുഷാർ മേത്ത പറഞ്ഞു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































