തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്‌ക്ക് താമസിക്കുന്ന സുമൻ (38) ആണ് മരിച്ചത്. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം.
സംഭവത്തിൽ സഹോദരങ്ങളടക്കം നാലുപേർ പിടിയിലായി. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്‌ണൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച രാത്രി 11ഓടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറിൽ എത്തിയിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ സംഘം മറ്റൊരാളുമായി പരസ്‌പരം തർക്കത്തിൽ ഏർപ്പെട്ടു.
ഇത് പരിഹരിക്കാൻ സുമൻ ഇടപെട്ടിരുന്നു. തുടർന്ന് സുമനെ സംഘം ബാറിലിട്ട് മർദ്ദിച്ചു. രക്ഷപ്പെടാൻ ഇറങ്ങിയോടിയ സുമനെ പുറത്തിറങ്ങിയ ശേഷം മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ അബോധാവസ്‌ഥയിൽ ആയിരുന്ന യുവാവിനെ വിഴിഞ്ഞം പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുമന്റെ തലയിലും മുഖത്തും ഞെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും കേസ് വന്നാലും സാരമില്ല അവനെ ചവിട്ടെടാ എന്ന് പ്രതികളിൽ ഒരാൾ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം




































