ടെഹ്റാൻ: ചുരുങ്ങിയത് 34 ഇറാനിയൻ ബന്ധമുള്ള കപ്പലുകൾ യുഎസ് ഉപരോധം മറികടന്ന് പോയിട്ടുണ്ടെന്ന് റിപ്പോർട്. ഇറാനിയൻ എണ്ണയുമായി പോയ കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്. ചരക്ക് കപ്പൽ ഡാറ്റാ ട്രാക്കിങ് ഏജൻസിയായ വോർടെക്സയെ ഉദ്ധരിച്ചാണ് റിപ്പോർട്.
പുതിയ നാവിക ഉപരോധം ആരംഭിച്ച ശേഷം ഒരു ഇറാനിയൻ കപ്പൽ പോലും കടന്ന് പോയിട്ടില്ലെന്നാണ് യുഎസിന്റെ അവകാശവാദം. എന്നാൽ, ഇത് പൊളിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇറാനുനേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം ദുർബലമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട് പങ്കുവെച്ചിരിക്കുന്നത്.
ഏപ്രിൽ 13നാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇതിന് ശേഷം ഉപരോധം മറികടന്ന് 19 ടാങ്കറുകൾ ഇറാനിൽ നിന്ന് പുറത്തുകടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇറാനിൽ നിന്ന് പോയതിൽ കുറഞ്ഞത് ആറെണ്ണമെങ്കിലും 10.7 ദശലക്ഷം ബാരൽ വരുന്ന ഇറാനിയൻ അസംസ്കൃത എണ്ണയുടെ ചരക്കുമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ തുറമുഖങ്ങളിൽ നിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യുഎസിന്റെ അവകാശവാദം. ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 28 കപ്പലുകളെ തടഞ്ഞു തിരിച്ചയച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഈ അവകാശവാദങ്ങളെല്ലാം തള്ളുകയാണ് പുതിയ റിപ്പോർട്.
അതിനിടെ, ഹോർമുസ് കടലിടുക്ക് നിയന്ത്രണം ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഹോർമുസിൽ വെച്ച് രണ്ട് കപ്പലുകൾ പിടിച്ചെടുത്ത ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇതിൽ ഒരു കപ്പൽ ദുബായിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു.
Most Read| മുണ്ടത്തിക്കോട് സ്ഫോടനം; സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു






































