ഇസ്‌ലാമാബാദ്: യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി, മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങളുടെ ഔദ്യോഗിക പട്ടിക പാക്കിസ്‌ഥാന് കൈമാറിയതായി ഇറാൻ. വെടിനിർത്തലിലെ ഏറ്റവും പുതിയ വിവരങ്ങൾ പാക്ക് നേതാക്കളുമായി ചർച്ച ചെയ്‌തെന്നും, ഇറാന്റെ നിലപാട് അറിയിച്ചെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രസ്‌താവനയിൽ അറിയിച്ചു.
അതേസമയം, അരാഗ്‌ചിയും സംഘവും പാക്കിസ്‌ഥാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെന്നാണ് റിപ്പോർട്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സംയുക്‌ത പ്രതിരോധ മേധാവി അസിം മുനീർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. അമേരിക്കയുമായി നേരിട്ട് ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ഇറാൻ സംഘം മടങ്ങിയതോടെ യുഎസുമായുള്ള രണ്ടാംഘട്ട ചർച്ച വീണ്ടും അനിശ്‌ചിതത്വത്തിലായി. ഇന്ന് ഇസ്‌ലാമാബാദിൽ വെച്ച് രണ്ടാംഘട്ട ചർച്ച നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനായി യുഎസിന്റെ പശ്‌ചിമേഷ്യൻ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്‌നറും ഇന്ന് പാക്കിസ്‌ഥാനിൽ എത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
എന്നാൽ, ഇതുവരെ യുഎസ് സംഘം പാക്കിസ്‌ഥാനിൽ എത്തിയതായി ഔദ്യോഗിക സ്‌ഥിരീകരണമില്ല. ഇറാൻ സംഘം പാക്കിസ്‌ഥാനിൽ നിന്ന് മസ്‌കത്തിലേക്കും റഷ്യയിലേക്കും പോകും. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് പാക്കിസ്‌ഥാനിൽ എത്തുന്നതെന്ന് നേരത്തെ അരാഗ്‌ചി വ്യക്‌തമാക്കിയിരുന്നു.
അതേസമയം, മധ്യസ്‌ഥ ശ്രമങ്ങൾ തുടരാൻ പാക്കിസ്‌ഥാൻ തയ്യാറാണെന്ന് അസിം മുനീർ പറഞ്ഞു. എന്നാൽ, ആണവ നിരായുധീകരണം ഉൾപ്പടെയുള്ള യുഎസിന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്കിലെ ഉപരോധം യുഎസ് അവസാനിപ്പിച്ചാലേ ചർച്ചയിൽ പങ്കെടുക്കൂവെന്നാണ് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നത്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ







































