കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്‌ഥാനാർഥിയായ പിവി. അൻവർ. എൽഡിഎഫ് സ്‌ഥാനാർഥിയായ മുഹമ്മദ് റിയാസിനെ അൻവർ വെല്ലുവിളിക്കുകയും ചെയ്‌തു. ഫറോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ വെല്ലുവിളി.
ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്‌റ്റേഷൻ വരെ മിഠായിത്തെരുവിലൂടെ തല മൊട്ടയടിച്ച് കാതിൽ രണ്ട് കമ്മലുമിട്ട് നടക്കുമെന്ന് പിവി അൻവർ പ്രഖ്യാപിച്ചു. സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ ബേപ്പൂരിലെ എൽഡിഎഫ് സ്‌ഥാനാർഥി പിഎം. മുഹമ്മദ് റിയാസ് തയ്യാറാകുമോയെന്നും അൻവർ ചോദിച്ചു.
അദ്ദേഹം കമ്മൽ ഇടേണ്ട, മൊട്ടയടിച്ചാൽ മതി. ആത്‌മവിശ്വാസം ഉണ്ടെങ്കിൽ റിയാസ് ഈ വെല്ലുവിളി ഏറ്റെടുക്കണമെന്നും അൻവർ പറഞ്ഞു. സർവകാല റെക്കോർഡായ 82,000 വോട്ടിന് മേൽ നേടി ജയിക്കുമെന്നാണ് റിയാസ് പറയുന്നത്. എന്നാൽ, 65,000ത്തിന് മേൽ വോട്ട് റിയാസിന് ബേപ്പൂരിൽ നേടാൻ പോകുന്നില്ലെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും മരുമകൻ റിയാസ് പാർട്ടിയിൽ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകർക്കുന്നത്. പാർട്ടിയെ റിയാസ് ഹൈജാക്ക് ചെയ്‌തു. പിഡബ്‌ള്യൂഡിയിൽ ഒരു പ്രവൃത്തിയിൽ മാത്രം 65 കോടിയുടെ അഴിമതി നടന്നുവെന്ന് മുൻ സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞിട്ടും മന്ത്രി എന്തുകൊണ്ട് അതിന് മറുപടി നൽകുന്നില്ലെന്നും അൻവർ ചോദിച്ചു.
താൻ ഉന്നയിച്ച ‘മരുമോനിസം’ എന്ന വാക്കിനെ വ്യക്‌തിഹത്യയായി ചിത്രീകരിക്കാനാണ് റിയാസ് ശ്രമിക്കുന്നത്. എന്നാൽ, ഭരണത്തിൽ വരുമെന്ന് പറഞ്ഞു യുഡിഎഫ് നേതാക്കൾ പണപ്പിരിവ് നടത്തുന്നുവെന്ന റിയാസിന്റെ പ്രസ്‌താവനയാണ് യഥാർഥ വ്യക്‌തിഹത്യ. യുഡിഎഫ് വ്യക്‌തമായ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിൽ വരുമെന്നും, 86 സീറ്റുകൾ വരെ നേടുമെന്നും പിവി. അൻവർ കൂട്ടിച്ചേർത്തു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































