വാഷിങ്ടൻ: ഇറാനെതിരെ സൈനിക നീക്കം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോർട് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കൈമാറിയതായാണ് വിവരം.
45 മിനിറ്റ് നീണ്ടുനിന്ന യോഗത്തിൽ സംയുക്‌ത സേനാ മേധാവി ജനറൽ ഡാൻ കെയ്‌നും പങ്കെടുത്തു. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദ്ദത്തിൽ ആക്കുന്നതിന് കുറഞ്ഞ സമയത്തിനുള്ളിൽ ശക്‌തമായ ഒരാക്രമണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ഹോർമുസ് കടലിടുക്കിന്റെ ഭാഗങ്ങൾ ഏറ്റെടുക്കുകയും ഇറാനിൽ നിന്ന് ശുദ്ധീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ അയക്കുകയും ചെയ്യുന്നത് ഉൾപ്പടെയുള്ള മറ്റു നടപടികളും തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്. അതിനിടെ, 6000 ടണ്ണിലധികം ആയുധങ്ങളും സൈനിക സാമഗ്രികളും യുഎസ് ഇസ്രയേലിലേക്ക് അയച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അമേരിക്കയിൽ നിൻ 6500 ടൺ വ്യോമ, കരസേന വിഭാഗങ്ങൾക്കുള്ള വെടിക്കോപ്പുകളും, സൈനിക ട്രക്കുകൾ, ജോയിന്റ് ലൈറ്റ് ടാക്റ്റിക്കൽ വാഹനങ്ങൾ, മറ്റു സൈനിക ഉപകരണങ്ങൾ എന്നിവ വഹിച്ച രണ്ട് ചരക്ക് കപ്പലുകളും നിരവധി വിമാനങ്ങളും ഇസ്രയേലിൽ എത്തിയെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള ഇസ്രയേൽ മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 115,600 ടൺ സൈനിക സാമഗ്രികൾ ഇസ്രയേലിന് യുഎസ് കൈമാറിയെന്നാണ് വിവരം. ഓപ്പറേഷൻ റോറിങ് ലയൺ ആരംഭിച്ചതിന് ശേഷം 403 തവണ വ്യോമ മാർഗങ്ങളിലൂടെയും പത്തുതവണ നാവിക മാർഗങ്ങളിലൂടെയും 115,600 ടണ്ണിലധികം സൈനിക ഉപകരണങ്ങൾ ഇസ്രയേലിന് ലഭിച്ചെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു.
അതിനിടെ, ശത്രുക്കൾ അങ്ങേയറ്റം ഭയപ്പെടുന്ന പുതിയ മാരകായുധം ഉടൻ പുറത്തിറക്കുമെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം രംഗത്തെത്തിയിരുന്നു. വളരെ വേഗത്തിൽ തങ്ങളുടെ ശത്രുക്കളെ അവരുടെ തൊട്ടടുത്ത് തന്നെ പുതിയ ആയുധം കൊണ്ട് നേരിടുമെന്ന് ഇറാനിയൻ നാവികസേനാ മേധാവി ഷെഹ്‌റാം ഇറാനി മുന്നറിയിപ്പ് നൽകി.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം








































