വാഷിങ്ടൻ: യുഎസും ഇറാനും സമാധാന കരാറിലേക്ക് അടുക്കുന്നതായി സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കുകയാണെങ്കിൽ ഓപ്പറേഷൻ എപിക് ഫ്യൂറി നിർത്തുമെന്നും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുമെന്നും ട്രംപ് അറിയിച്ചു.
ബുധനാഴ്‌ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. നേരത്തെ, ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക നീക്കമായ ‘ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെച്ചതായി ട്രംപ് അറിയിച്ചിരുന്നു.
ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പുരോഗതി ഉണ്ടായതിന് പിന്നാലെയാണ് തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതോടെ, ഹോർമുസിൽ അയഞ്ഞ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിന് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇനിയും വിട്ടുവീഴ്‌ചകൾ ഉണ്ടായില്ലെങ്കിൽ വൻതോതിലുള്ള ആക്രമണം വീണ്ടും ആരംഭിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രധാന വിഷയങ്ങളിൽ ഇറാനിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. യുറേനിയം സമ്പുഷ്‌ടീകരണം നിർത്താൻ ഇറാൻ തയ്യാറാകുന്ന പക്ഷം, ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കാമെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ച ശേഷം ഇരു രാജ്യങ്ങളും ഒരു കരാറിലേക്ക് ഇത്രയടുത്തെത്തുന്നത് ആദ്യമായാണ്.
ലോകസമാധാനത്തെയും അന്താരാഷ്‌ട്ര വ്യാപാരത്തെയും ബാധിക്കുന്ന സുപ്രധാന നയതന്ത്ര നീക്കത്തിനാണ് ട്രംപിന്റെ പ്രസ്‌താവന പുത്തനുണർവ് നൽകിയിരിക്കുന്നത്. ഇതോടെ, യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്‌ട്രങ്ങൾ. അതേസമയം, ധാരണാ പത്രത്തിൽ ഇരു രാജ്യങ്ങളും ഉടൻ ഒപ്പുവെച്ചേക്കുമെന്നാണ് ആക്‌സിയോസ് റിപ്പോർട് ചെയ്‌തത്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ





































