കേപ് ടൗൺ: അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂസ് കപ്പലിൽ അപൂർവമായ ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പൊതുജനാരോഗ്യ രംഗത്ത് വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. മറ്റൊരു കോവിഡ് മഹാമാരിയാകുമോ ഹാന്റാ വൈറസ് എന്ന ആശങ്കയാണ് പലർക്കും ഉണ്ടായിരിക്കുന്നത്.
എംവി ഹോൺഡിയസ് എന്ന കപ്പലിൽ ഹാന്റാ വൈറസ് വ്യാപനത്തെ തുടർന്ന് മൂന്നുമരണമാണ് റിപ്പോർട് ചെയ്തത്. എട്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനിടെ, ആശങ്കകൾക്ക് വിരാമമിട്ട് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
കോവിഡ് പോലെ ഹാന്റാ വൈറസ് പകരില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. മരിയ വാൻ കെർക്കോവ് വ്യക്തമാക്കി. ഹാന്റാ വൈറസ് പടരുന്നത് വ്യത്യസ്തമായാണ്. അടുത്ത സമ്പർക്കം പുലർത്തിയ സാഹചര്യങ്ങളിൽ മാത്രമാണ് വൈറസ് വകഭേദമായ ആൻഡീസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മുൻകാല കേസുകൾ ചൂണ്ടിക്കാട്ടി മരിയ പറഞ്ഞു.
”ഇത് കൊറോണ വൈറസല്ല. വളരെ വ്യത്യസ്തമായ ഒരു വൈറസാണ്. വളരെക്കാലമായി നിലവിലുള്ള ഒന്നുമാണ്. ഒരു മഹാമാരിയുടെ തുടക്കവുമല്ല. ഒരു കപ്പലിൽ പരിമിതമായ പ്രദേശത്താണ് വൈറസ് പടരുന്നത്”- മരിയ പറയുന്നു.
ഹാന്റാ വൈറസ് പ്രധാനമായും എലികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു സൂണോട്ടിക് രോഗമാണ്. അതേസമയം, കോവിഡ് 19 ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന വളരെ പകർച്ചവ്യാധിയുള്ള വൈറസാണ് എന്നതാണ് ഈ രണ്ട് വൈറസുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് മരിയ പറയുന്നു. രണ്ടും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകുമെങ്കിലും ഹാന്റാ വൈറസ് കൂടുതൽ മാരകമാണ്.
1970കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര് ലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
എന്താണ് ഹാന്റാ വൈറസ്?
ഹാന്റാ വൈറസ് സാധാരണയായി എലികൾ പോലുള്ള ചെറുമൃഗങ്ങളിൽ (റോഡന്റുകൾ) കാണപ്പെടുന്ന വൈറസാണ്. ഇത് മനുഷ്യരിലേക്ക് പടർന്നാൽ പ്രത്യേക ചികിൽസയില്ലെങ്കിലും തുടക്കത്തിൽ കണ്ടെത്തിയാൽ രോഗലക്ഷണങ്ങൾ അനുസരിച്ച് ചികിൽസ നൽകി രക്ഷപ്പെടുത്താൻ കഴിയും.

വൈറസ് പകരുന്നത്/ ലക്ഷണങ്ങൾ
മനുഷ്യരിലേക്ക് പകരുമ്പോൾ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. രോഗബാധിത എലികളുടെ മൂത്രം, വിസർജ്യം, തുപ്പൽ എന്നിവ വഴിയാണ് വൈറസ് പകരുന്നത്. പ്രധാനമായും ശ്വാസകോശത്തെ ബാധിച്ച് ഗുരുതരമായ ശ്വാസതടസം ഉണ്ടാക്കും. ചലപ്പോൾ വൃക്കകളെയും ബാധിച്ചു രക്തസ്രാവവും വൃക്ക പ്രശ്നങ്ങളും ഉണ്ടാകാം.
ആദ്യഘത്തിൽ പനി, തലവേദന, ശരീരവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടും. രോഗം ഗുരുതരമായാൽ ശ്വാസംമുട്ടൽ, നെഞ്ചുവേദന, വൃക്ക പ്രവർത്തനത്തിലെ തകരാറുകൾ എന്നിവയും ഉണ്ടാകും.അടിയന്തിര ചികിൽസ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകാം.
ചികിൽസ
ഹാന്റാ വൈറസിന് മാത്രമായുള്ള ചികിൽസാ രീതി ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിൽസയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.
കപ്പലിലെ നിലവിലെ അവസ്ഥ
ഏപ്രിൽ ഒന്നിന് അർജന്റീനയിലെ അന്റാർട്ടിക്കയിലേക്ക് വിനോദയാത്ര പുറപ്പെട്ട കപ്പലാണ് എംവി. ഹോൺഡിയസ്. നിലവിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യുഎസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ.
കപ്പലിൽ മൂന്നുമരണമാണ് റിപ്പോർട് ചെയ്തത്. എട്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ചികിൽസയിലാണ്. അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കേപ്പ് വെർദയിൽ നിന്ന് പുറപ്പെട്ട കപ്പൽ സ്പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോവുകയാണ്. എന്നാൽ, കപ്പലിനെ തീരത്തടുക്കാൻ സ്പെയിനോ ഡച്ചോ അനുവദിച്ചിട്ടില്ല.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

































