ഡെൽഹി: ഇടത് സർക്കാരിന്റെ ദാർഷ്‌ഠ്യത്തിന് ലഭിച്ച ജനകീയ മറുപടിയും വിഡി സതീശൻ ഉൾപ്പടെയുള്ള യുഡിഎഫിന്റെ കേരളനേതൃത്വം രാപ്പകൽ വിശ്രമമില്ലാതെ പണിയെടുത്തതിന്റെയും പ്രതിഫലമായി പത്തുവര്‍ഷത്തിനിപ്പുറം യുഡിഎഫ് നേടിയ വൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയെ അപഹസിക്കുന്ന നിലപാടാണ് എഐസിസി നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്ന് അതീവ വിശ്വസനീയ കേന്ദ്രം നൽകിയ വിവരങ്ങളിൽ നിന്ന് വെളിപ്പെടുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്നത് മാദ്ധ്യമങ്ങളിലൂടെ അന്തരീക്ഷം തണുപ്പിക്കാനുള്ള നരേറ്റിവുകളാണ്. “കെസിക്ക് എന്താണ് കുഴപ്പം? കെസി വേണുഗോപാൽ ദേശീയ തലത്തിൽ കോൺഗ്രസിലെ ഏറ്റവും ശക്‌തരായ സംഘടനാ നേതാക്കളിൽ ഒരാളാണ്. കേന്ദ്ര മന്ത്രാലയങ്ങളുമായി സഹകരണം മെച്ചപ്പെടുത്താം.
ദേശീയ രാഷ്‌ട്രീയ പിന്തുണ കേരളത്തിന് ലഭിക്കാം. കേരളത്തിലെ കോൺഗ്രസിന് ദേശീയ പ്രാധ്യാന്യം വർദ്ധിപ്പിക്കാം. കെസി താഴെത്തട്ടിൽ നിന്നുള്ള ജനകീയ നേതാവ് എന്നതിലുപരി അതി ശക്‌തനായ സംഘടനാ ഓപ്പറേറ്ററാണ്. കേരള രാഷ്‌ട്രീയത്തിൽ വിവാദങ്ങളിൽ ഉൾപ്പെടാത്ത സീനിയർ നേതാവാണ്. വിദേശനയം, പാർലമെന്ററി കാര്യങ്ങൾ, ദേശീയ പ്രതിസന്ധി കൈകാര്യം ചെയ്യൽ എന്നിവയിൽ പരിചയമുള്ള നേതാവാണ്“ എന്നിങ്ങനെയുള്ള ധാരണ മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ എത്തിക്കാനും ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനുമാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം. അതിനായുള്ള എക്‌സർസൈസുകളാണ് നിലവിൽ നടക്കുന്നതെന്നും വിവരങ്ങൾ നൽകിയ കേന്ദ്രം വിശദീകരിച്ചു.
“മെയ് 9 മുതൽ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ വിശകലനം അതീവ സൂക്ഷ്‌മമായി നിരീക്ഷിക്കാനും അതിനെ അടിസ്‌ഥാനമാക്കിയുള്ള നോട്ട്സ് നൽകാനും പ്രിയങ്കയുടെയും രാഹുലിന്റെയും നിർദ്ദേശമുണ്ട്. അത് കൃത്യമായി നടക്കുന്നുണ്ട്. ഈ വിശകലനങ്ങളുടെ അടിസ്‌ഥാനത്തിൽ എന്തെങ്കിലും പുതിയമാറ്റങ്ങൾ ഉണ്ടാകുമോ എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. പക്ഷെ ആ സാധ്യത 5 ശതമാനത്തിൽ താഴെയാണ്. അതിന് പലകാരണങ്ങൾ ഉണ്ട്“ -വിവരങ്ങൾ നൽകിയ വ്യക്‌തി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാതെ, ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച, പ്രതിഷേധങ്ങളെ അവഗണിക്കുകയും, വിവിധ സമരസമിതികളുടെ ആവശ്യങ്ങളില്‍ കടുംപിടുത്തം പിടിക്കുകയും മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ളവരോട് അതീവ ദാർഷ്‌ഠ്യത്തോടെ ഇടപെടുകയും ചെയ്‌തതിലൂടെ ജനകീയ വെറുപ്പ് സമ്പാദിച്ച ഇടത് സർക്കാരിന് എതിരെയുള്ള വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പിലെ മഹാ ഭൂരിപക്ഷ വിജയത്തിന് യുഡിഎഫിനെ സഹായിച്ചതിൽ ഏറിയപങ്കും.
കൂടെ വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വവും, പികെ കുഞ്ഞാലിക്കുട്ടി, അഡ്വ. പിഎംഎ സലാം, കെഎം ഷാജി ഉൾപ്പടെയുള്ള ലീഗ് നേതൃത്വവും പോഷക സംഘടനകൾ ഉൾപ്പടെയുള്ള ചാലക ശക്‌തികളെ പുനരുജ്‌ജീവിപ്പിച്ചും നിലപാടുകളും ആരോപണങ്ങളും ഇടതിന് പ്രതിരോധിക്കാൻ സാധിക്കാത്ത നിലയിൽ വിശദീകരിച്ചും നിരന്തരമായി പരിശ്രമിച്ച് നേടിയ വോട്ടുകളാണ് മറ്റൊരുപങ്ക്. ഇവ രണ്ടും ചേർന്നാണ് സമാനതകളില്ലാത്ത വിജയം യുഡിഎഫിന് സമ്മാനിച്ചത്.
എന്നാൽ വിജയത്തിന് പിന്നിലെ സുപ്രധാന വിഷയങ്ങൾ വിലയിരുത്താതെ, Gen Z ഉൾപ്പെടുന്ന യുവതലമുറയെ മാനിക്കാതെ, ഇതര പൊതുസമൂഹത്തിന്റെ നിലപാടുകൾക്ക് മുഖം നൽകാതെയാണ് കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടിയിലും പൊതുസമൂഹത്തിലും വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകാനുള്ള സാധ്യത പരിഗണിച്ചാണ് എഐസിസി നേതൃത്വത്ത്വം കെസിക്ക് വേണ്ടിയുള്ള നരേറ്റിവ് ബിൽഡ് (സാമൂഹിക ധാരണ വളർത്തൽ) ചെയ്യാനും സമൂഹത്തെ തണുപ്പിക്കാനുമുള്ള സമയം എടുക്കുന്നത്. ഇതിന്റെ ഭാഗം മാത്രമാണ് മുന്‍ കെപിസിസി പ്രസിഡണ്ടുമാരെയും മുതിര്‍ന്ന നേതാക്കളെയും ഡല്‍ഹിയില്‍ വിളിച്ച് അഭിപ്രായം കേള്‍ക്കുന്നത് ഉൾപ്പടെയുള്ള എക്‌സർസൈസുകൾ.
എന്നാൽ, ഈ തീരുമാനം കെസി ചുമതലയേറ്റ ശേഷമുള്ള ഓരോ ദിവസങ്ങളിലും അടുത്ത തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് എതിരെ ശക്‌തമായി പ്രതിഫലിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കാരണം, വോട്ടർമാരിൽ Gen Z ഉൾപ്പെടുന്ന യുവതലമുറ അവരെപറ്റിക്കുന്ന, വഞ്ചിക്കുന്ന അനീതികളെ ഓർത്തുവെയ്‌ക്കുകയും അവസരം കിട്ടുമ്പോൾ അത് കൃത്യമായി കണക്കു തീർക്കുകയും ചെയ്യുന്ന വിഭാഗമാണ്. അഥവാ 70കളിൽ ജനിച്ചവരെപോലെ മറക്കുകയോ മറ്റുകാരണങ്ങളാൽ പൊറുക്കുകയോ ചെയ്യുന്ന സമൂഹമല്ല.
ചില ഓർമ്മകൾ; അദ്ധ്യായം 1
2003നു ശേഷം 15 വർഷം കോൺഗ്രസ് അധികാരത്തിൽ വന്നിട്ടില്ലാത്ത മധ്യപ്രദേശിൽ 2018ൽ ജ്യോതിരാദിത്യ സിന്ധ്യ എന്ന യുവനേതാവ്, 2002 മുതൽ 2019 വരെയുള്ള പതിനേഴ് വർഷം മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായിരുന്ന സിന്ധ്യ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുന്നു. രാജ്യത്തെ മുഴുവൻ ജനതയ്‌ക്കും അറിയാവുന്ന ‘പൊളിറ്റിക്കൽ ബ്രാൻഡായി’ ഉയർന്ന ഇദ്ദേഹം കൃത്യമായ പ്ളാനിങ് നടത്തി, പ്രചരണം നടത്തി കോൺഗ്രസിനെ ഏറ്റവും വലിയ കക്ഷി ആക്കി വിജയിപ്പിച്ചെടുക്കുന്നു.
മുഖ്യമന്ത്രി കസേരയുടെ തീരുമാനം കോൺഗ്രസ് പാർട്ടിയുടെ മുന്നിലേക്ക് എത്തിയപ്പോൾ ഡെൽഹി വഴി കമൽനാഥ് മുഖ്യമന്ത്രി സീറ്റിലേക്ക് എത്തുന്നു. രണ്ടുവർഷങ്ങൾക്ക് ശേഷം, 2020ൽ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിടുകയും, അദ്ദേഹത്തെ അനുകൂലിക്കുന്ന 22 എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേരുകയും ചെയ്‌തതോടെ കമൽനാഥ് മന്ത്രിസഭ അവസാനിച്ചു. പിന്നീട് ശിവ്‌രാജ് സിംഗ് ചൗഹാൻ നയിക്കുന്ന ബിജെപി അധികാരത്തിൽ വരികയും 2023ലെ തിരഞ്ഞെടുപ്പിൽ 163 സീറ്റ് എന്ന മഹാ വിജയത്തോടെ വീണ്ടും ബിജെപി അധികാരത്തിലെത്തി.
ഇനി ഇവിടെ കോൺഗ്രസ് അധികാരത്തിൽ വരാനുള്ള സാധ്യത വളരെ വിദൂരത്തിലാണ്. അതിനുള്ള പ്രത്യക്ഷ തെളിവാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നും കോൺഗ്രസിനു കിട്ടിയ പൂജ്യം സീറ്റ്. മദ്യപ്രദേശിൽ സിന്ധ്യക്ക് അർഹിച്ച സ്‌ഥാനം നൽകേണ്ട സമയത്ത് നൽകിയിരുന്നുവെങ്കിൽ ഇന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്‌ഥാനത്തേയ്‌ക്ക് എത്തിയിരിക്കാനുള്ള സാധ്യത കൂടുതലാണ്.
അദ്ധ്യായം 2:
രാജസ്‌ഥാനിൽ 2018ൽ തിരഞ്ഞെടുപ്പ് നടക്കുന്നു. മറ്റൊരു ‘ദേശീയ യുവ ബ്രാൻഡായ’ സച്ചിൻ പൈലറ്റ് കാൽ നടയാത്രകളായും സൈക്കിൾ റാലികളായും പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുന്നു. വിശേഷിച്ചും യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലൂടെ പാർട്ടിയെ സജീവമാക്കുകയും തിരഞ്ഞെടുപ്പിൽ വിജയം വരിക്കുകയും ചെയ്യുന്നു. യുവസമൂഹം സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആ രീതിയിലുള്ള സാമൂഹികമാദ്ധ്യമ ആഘോഷങ്ങളും നടക്കുന്നു. ശേഷം, കോൺഗ്രസ് ഹൈക്കമാൻഡ് പരിചയസമ്പന്നതയുടെ പേരുംപറഞ്ഞു അശോക് ഗെഹലോട്ടിനെ മുഖ്യമന്ത്രിയാക്കി. പിന്നീട് ഉണ്ടായ ആഭ്യന്തര വിഭാഗീയതയും അധികാര പോരാട്ടങ്ങളും കോൺഗ്രസിനെ സ്വാഭാവികമായും ദുർബലമാക്കി. ഇന്ന് രാജസ്‌ഥാൻ, കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് അടുത്തകാലത്തൊന്നും പ്രതീക്ഷിക്കാൻ പറ്റാത്ത രീതിയിൽ 200ലെ 115 സീറ്റുമായി ബിജെപി ഭരിക്കുകയാണ്. അതേസമയം 2018ൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കിയിരുന്നെങ്കിൽ അത് കോൺഗ്രസിനും അതിലേക്ക് ഒഴുകേണ്ട ‘യുവതലമുറക്കും’ ഉപകാരമാകുമായിരുന്നു.
അദ്ധ്യായം 3:
2013നു ശേഷമുള്ള ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാൻ കഴിയാതെ പോയ കോൺഗ്രസിന് ജീവൻ നൽകാൻ ഡികെ ശിവകുമാർ എല്ലാ രീതിയിലും രംഗത്ത് ഇറങ്ങുന്നു. സൗത്ത് ഇന്ത്യയിൽതന്നെ അതി ശക്‌തനായ ‘ക്രൗഡ് പുള്ളറായി’ ഡികെ രൂപാന്തരം പ്രാപിക്കുന്നു. ഇതിനായി സ്വന്തം സമ്പാദ്യംവരെ ഇദ്ദേഹം ചെലവഴിക്കുന്നു.
സംഘടനാതലത്തിലും പ്രചാരണരംഗത്തും കോൺഗ്രസിന്റെ തിരിച്ചുവരവിനായി ഇദ്ദേഹം അഹോരാത്രം പരിശ്രമിക്കുന്നു. ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ശക്‌തമായി പ്രവർത്തിച്ച് കോൺഗ്രസിന് വ്യക്‌തമായ ഭൂരിപക്ഷം സൃഷ്‌ടിച്ച് നൽകുന്നു. എന്നാൽ നിയമസഭാംഗങ്ങളുടെ പിന്തുണയും ജാതി സമവാക്യങ്ങളും പരിഗണിച്ചെന്ന പേരിൽ കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നു.
ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ, കർണാടകയിൽ നിന്നുള്ള 28 സീറ്റിൽ 17 സീറ്റുമായി ബിജെപി മഹാവിജയം കുറിക്കുന്നു. കോൺഗ്രസ് 9 സീറ്റിലേക്ക് ചുരുങ്ങുന്നു. അടുത്ത തവണ കർണാടക ആര് ഭരിക്കും എന്നതിലേക്കുള്ള വ്യക്‌തമായ സൂചന ഈ റിസൽട്ട് വിശകലനം ചെയ്യുന്ന ആർക്കും മനസിലാകും.
അദ്ധ്യായം 4; തുടരുന്നു..
2001നു ശേഷം കേരളത്തിൽ നാല് മന്ത്രിസഭകൾ വന്നു, മൂന്നും എൽഡിഫ്, ഒന്ന് കഷ്‌ടിച്ച് കടന്നുകൂടി യുഡിഫ് ഭരിച്ചു. 2021ൽ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് ഭരണതുടർച്ച ലഭിച്ചതോടെ കോൺഗ്രസ് തിരിച്ചുവരവ് പ്രയാസകരമെന്ന് പലരും വിലയിരുത്തി. എന്നാൽ, പ്രതിപക്ഷ നേതാവായി വിഡി സതീശൻ വന്നതോടെ പോഷക സംഘടനകളും യുവസമൂഹവും സാമൂഹിക മാദ്ധ്യമലോകവും പോഡ് കസ്‌റ്റുകളും അഭിമുഖങ്ങളും എല്ലാമെല്ലാം കോൺഗ്രസിന് അനുകൂലമായി തിരിഞ്ഞു.
ഇതിനൊപ്പം ധീരമായ നിലപാടുകളും ശക്‌തമായ രാഷ്‌ട്രീയ ആക്രമണവും നിയമസഭാ ഇടപെടലുകളും മാദ്ധ്യമ വിചാരണകളെ നേരിടലും യുവസമൂഹത്തെ കൂടെ നിറുത്തലും വഴി യുഡിഎഫിനെ അനിതസാധാരണമായ രീതിയിൽ വിഡി സതീശൻ സജീവമാക്കി. തുടർന്ന് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടി. ഇതിന്റെ ആത്‌മവിശ്വാസത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന അവകാശവാദവും വിഡി സതീശൻ മുന്നോട്ടുവെച്ചു.
അവകാശവാദം ചരിത്രമാക്കി വിഡി സതീശൻ നേതൃത്വം നൽകിയ കോൺഗ്രസും യുഡിഎഫും 140ൽ 102 സീറ്റുമായി ചരിത്ര വിജയം നേടുന്നു. ചരിത്രത്തിൽ ആദ്യമായി മൂന്നു സീറ്റുകളുമായി ബിജെപിയും നിയമസഭയിലേക്ക്. ഇനി ചരിത്രം കണ്ടറിയണം.
ചേർത്ത് വായിക്കാം
സാമൂഹിക മാദ്ധ്യമലോകവും യുവസമൂഹവും ഉൾപ്പടെ ചൂണ്ടിക്കാണിക്കുന്നത്; കെസി വേണുഗോപാലിന് കേരള രാഷ്‌ട്രീയയത്തിലാണ് താൽപര്യമെങ്കിൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതായിരുന്നു. അതും ഒരു രാജ്യസഭ സീറ്റ് രാജിവച്ച് നഷ്‍ടപ്പെടുത്തിയാണ് ഇദ്ദേഹം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മൽസരിച്ച് ജയിച്ചത്.
ഇത് കൂടാതെയാണ് എംപിമാരായി തുടരുന്നവർ അസംബ്ളിയിൽ മൽസരിക്കരുതെന്ന് കെസി ഉൾപ്പെടെയുള്ള എഐസിസി നേതൃത്വ തീരുമാനം ഉണ്ടായിരുന്നത്. ഈ തീരുമാനം സ്വന്തം കാര്യത്തിന് വേണ്ടി മാറ്റുന്നത് ശരിയല്ല. വിഡി സതീശൻ പോരാ എന്നാണ് ഹൈക്കമാൻഡ് കണ്ടത്തലെങ്കിൽ, രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങി കോൺഗ്രസിന് മാത്രമായി 63 എംഎല്‍എമാർ കേരളത്തിൽ ഉള്ളപ്പോൾ അവരിൽ ഒരാളെ തിരഞ്ഞെടുക്കുന്നതാണ് നീതിയുക്‌തം.
കെസി വേണുഗോപാൽ മുഖ്യമന്ത്രിയാൽ, ഇദ്ദേഹത്തെ എംഎൽഎ ആയി വിജയിപ്പിക്കാൻ ആറുമാസത്തിനകം ഉപതിരെഞ്ഞെടുപ്പ് നടത്തണം. ഈ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ജയിക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്? മുൻപ് കഴിഞ്ഞു പോയ പല ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തോറ്റ ചരിത്രം എന്താണ് എഐസിസി മനസിലാകാത്തത്?
പഴയകാലമല്ല, മൊബൈലിൽ കലണ്ടറുകളും ഓർമകുറിപ്പുകളും സൂക്ഷിക്കുന്ന യുവസമൂഹം ഉൾപ്പെടുന്ന ആധുനികലോകമാണ്. ഇവിടെ കണക്കുകൾ പറയിപ്പിക്കുകതന്നെ ചെയ്യും. ഈ വടംവലികളും കെട്ടിയിറക്കലുകളും നാടകങ്ങളും നരേറ്റിവ് സൃഷ്‌ടിക്കലുകളും കാണുകയും നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ജനങ്ങളാണ് ‘കേരളത്തിലെ’ വിധി കർത്താക്കൾ എന്നിങ്ങനെ നീളുന്നതാണ് സാമൂഹിക മാദ്ധ്യമ ലോകത്തിന്റെ വിലയിരുത്തലുകൾ.
RELATED READ | കെസി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ



































