ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുമെന്ന ആശങ്കയിൽ ലോകം. യുഎസുമായുള്ള എല്ലാ സമാധാന ചർച്ചകളും അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിലാണ് ഇറാന്റെ നടപടിയെന്നാണ് വിവരം.
ലബനനിലും ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ യുഎസുമായി മധ്യസ്‌ഥ ചർച്ചക്കില്ലെന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ അറിയിച്ചത്. ഇറാനിലെ വാർത്താ ഏജൻസിയായ ടാസ്‌നിം ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
യുഎസുമായുള്ള ചർച്ചയിൽ നിന്ന് ഇറാൻ പിൻമാറിയെന്നും ഹോർമുസ് കടലിടുക്ക് പൂർണമായി തടയുമെന്നുമാണ് റിപ്പോർട്ടുകൾ. ചർച്ച നിർത്തിവെക്കുന്നത് സംബന്ധിച്ച് ഇറാൻ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, യുഎസിന് മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി രംഗത്തെത്തിയിട്ടുണ്ട്.
വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
”ലബനൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ അവ്യക്‌തതയില്ലാതെ ഇറാനും അമേരിക്കയും തമ്മിൽ സമഗ്രമായ ഒരു വെടിനിർത്തൽ ഉണ്ടാക്കുന്നു. ഏതെങ്കിലും ഒരു മുന്നണിയുടെ ലംഘനം വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്ന് വ്യക്‌തമാക്കിയിരുന്നു. ഈ വെടിനിർത്തൽ ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളായിരിക്കും”- അബ്ബാസ് അരാഗ്‌ചി എക്‌സിൽ കുറിച്ചു.
Most Read| മാസപ്പടിക്കേസ്; വെള്ളിയാഴ്‌ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി





































