ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന (സിജെപി) പ്രതിഷേധം ശക്തം. പ്ളക്കാർഡുകളും ബാനറുകളുമായി നിരവധി പ്രവർത്തകരാണ് ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധിക്കുന്നത്.
ജന്തർ മന്തറിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ യുഎസിൽ നിന്ന് ഇന്ന് രാവിലെയാണ് ഡൽഹിയിലെത്തിയത്. ഡെൽഹി എയർപോർട്ടിൽ വെച്ച് അഭിജിത് ദീപ്കെയുമായി പോലീസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്.
ധർമേന്ദ്രയുടെ രാജിയോടൊപ്പം അഞ്ച് ആവശ്യങ്ങൾ കൂടി സിജെപി മുന്നോട്ടുവെച്ചിട്ടുണ്ട്. കൃത്യമായ പരിശീലനത്തിന് ശേഷം മാത്രം വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റലൈസേഷൻ, കലാപബാധിത മണിപ്പൂരിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം സാധാരണ നിലയിലെത്തിക്കുക, വിദ്യാർഥികളെയും മാതാപിതാക്കളെയും ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കുക, കുട്ടികളുടെ മനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക, മൽസര പരീക്ഷകളിൽ നീതിയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുക തുടങ്ങിയവയാണ് അവ.
ജന്തർ മന്തറിൽ സിജെപി പ്രവർത്തകർ ലഘുലേഖകളും വിതരണം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന ലഘുലേഖകളാണിത്. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ധർമേന്ദ്ര പ്രധാന്റെ വസതി ഉൾപ്പടെ ഡെൽഹിയിലുടനീളം സുരക്ഷ ഉറപ്പാക്കി. ഡൽഹി വിമാനത്താവളം, അതിർത്തി പ്രവേശന കവാടങ്ങൾ, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
”എന്റെ സുഹൃത്തുക്കളെ ഇതൊരു നീണ്ട പോരാട്ടമാണ്. ധർമേന്ദ്ര പ്രധാന്റെ രാജി നമ്മൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടിട്ട് ഒരുമാസമായി. എന്നാൽ, നടപടി എടുക്കുന്നതിന് പകരം നാണമില്ലാത്ത ഇവർ നമ്മുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാനുമാണ് ശ്രമിക്കുന്നത്. നിങ്ങൾക്ക് ഞങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ കഴിയുമായിരിക്കും. എന്നാൽ, ഇവിടെ നിന്ന് ഞങ്ങളെ തുടച്ചുമാറ്റാൻ നിങ്ങൾക്കാവില്ല”- ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അഭിജിത് ദീപ്കെ പറഞ്ഞു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































