ന്യൂഡെൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെ യാത്രചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് ഷിപ്പിങ് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) എക്സ് വഴി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ നാവികരെ ഹോർമുസ് വഴിയുള്ള കപ്പലുകളിൽ നിയോഗിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. ഇറാൻ-യുഎസ് സംഘർഷം പൂർണമായും ഹോർമുസ് കടലിടുക്കിൽ കേന്ദ്രീകരിക്കുന്ന അവസ്ഥയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലവിലുള്ളത്. ഹോർമുസ് വഴി കടന്നുപോയ ഒട്ടേറെ കപ്പലുകൾ അക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവവും ഉണ്ടായി.
ഇതോടെയാണ് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹോർമുസിൽ അപകട സാധ്യതകൾ ഗണ്യമായി വർധിച്ചതായാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് നൽകുന്ന സന്ദേശത്തിൽ പറയുന്നത്. ഏകദേശം 3,10,000ത്തിലധികം ഇന്ത്യൻ നാവികർ ലോകമാകെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.
നാവികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മാരിടൈം ഡൊമെയ്ൻ അവയർനസ് സെന്ററുമായി ബന്ധപ്പെടാനും അന്താരാഷ്ട്ര സുരക്ഷാചട്ടങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശമുണ്ട്.
ഒമാൻ തീരം വഴി ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് യുഎഇ കപ്പലുകൾക്ക് നേരെ കഴിഞ്ഞദിവസം ആക്രമണം ഉണ്ടായിരുന്നു. മോംബാസ, അൽ ബാഹിയ എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. 30 ഇന്ത്യൻ നാവികരാണ് കപ്പലുകളിൽ ഉണ്ടായിരുന്നത്. ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി




































