യുക്രൈനിൽ കപ്പലിന് നേരെ ആക്രമണം; മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു

കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി ഉദ്യോഗസ്‌ഥനാണ് കൊല്ലപ്പെട്ട മലയാളി.

By Senior Reporter, Malabar News
Drone attack on oil tanker;
Rep. Image

കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി ഉദ്യോഗസ്‌ഥനാണ് കൊല്ലപ്പെട്ട മലയാളി.

ഇന്ത്യൻ-സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മരിച്ച മറ്റു ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരു ഇന്ത്യക്കാരൻ ഗുരുതര പരിക്കുകളോടെ ചികിൽസയിൽ ആണെന്നാണ് വിവരം. തുർക്കി ഉടമസ്‌ഥതയിലുള്ള ഗിനിയ- ബിസാവു പതാകയുള്ള ‘ഗോൾഡൻ ലിയോ’ എന്ന കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായതെന്ന് യുക്രൈൻ വ്യോമസേന അറിയിച്ചു.

കപ്പലിൽ ഉണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ടുപേരെ യുക്രൈൻ നാവികസേന രക്ഷപ്പെടുത്തി. ഇവരിൽ പരിക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പുറമെ യുക്രൈൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു. 17 ജീവനക്കാരിൽ അഞ്ച് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുക്രൈനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ആക്രമണത്തിൽ അകപ്പെട്ടവർക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

”വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണ ജീവനക്കാരെ അപകടപ്പെടുത്തുന്നതും നിന്ദ്യമാണെന്നും ഒഴിവാക്കേണ്ടതാണെന്നും ഞങ്ങൾ ഒരിക്കൽക്കൂടി പറയുന്നു”- മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.

ചോളം കയറ്റിപ്പോവുകയായിരുന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായ തീ അണച്ചശേഷമാണ് നാവികസേനയും രക്ഷാപ്രവർത്തകരും ചേർന്ന് ജീവനക്കാരെ പുറത്തെടുത്തത്.

കഴിഞ്ഞ കുറച്ചു ആഴ്‌ചകളായി ഒഡേസ മേഖലയിൽ തുടർച്ചയായി റഷ്യൻ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ഈമാസം മാത്രം ആക്രമണങ്ങളിൽ 28 പേർ മരിച്ചതായി ഗവർണർ ഒലെ കിപ്പർ പറഞ്ഞു. കരിങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള റഷ്യൻ ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. യുക്രൈന്റെ കാർഷിക കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ പാത വഴിയാണ് കടന്നുപോകുന്നത്.

Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE