കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയശസ്ത്രക്രിയാ വിഭാഗവും ഗൈനക്കോളജി വിഭാഗവും ചേർന്ന് ഒരേ സമയം നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് കടന്ന് ജാർഖണ്ഡ് സ്വദേശിയായ യുവതി. ഒരേ സമയം രണ്ട് ശസ്ത്രക്രിയകളാണ് യുവതിക്ക് നടത്തിയത്. ഒന്നാമത്തേത് ഹൃദയത്തിലെ ഗുരുതരമായ മുഴ നീക്കം ചെയ്യൽ, രണ്ടാമത്തേത് കുഞ്ഞിനെ പുറത്തെടുക്കൽ.
രണ്ടും സങ്കീർണമായ ശസ്ത്രക്രിയകളായിരുന്നു. ഈമാസം എട്ടിനായിരുന്നു ജാർഖണ്ഡ് സ്വദേശിനിയായ 28കാരി മാങ്ക്രി ബോഡോയുടെ ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയകളാണ് സൗജന്യമായി കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയാക്കിയത്. ഹൃദയത്തിലെ മുഴ അപകടകരമായ രീതിയിൽ എത്തിയതോടെയാണ് ശസ്ത്രക്രിയക്കുള്ള നടപടി തുടങ്ങിയത്.
ഇത് കുഞ്ഞിന് അപകട സാധ്യത വർധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെയും പുറത്തെടുക്കാൻ മെഡിക്കൽ സംഘം തീരുമാനിച്ചത്. തുടർ പരിശോധനയിൽ യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. മൂന്നാറിലെ തേയില നുളളൽ തൊഴിലാളികളായ മാങ്ക്രിയും ഭർത്താവ് സുക്രം മണ്ടൂരിനും മൂന്നര വയസുള്ള ഒരു കുട്ടികൂടിയുണ്ട്.
മെഡിക്കൽ കോളേജിലെ ഗൈനക്കോളജി, ഹൃദയശസ്ത്രക്രിയ, കാർഡിയോളജി, കാർഡിയാക് അനസ്തേഷ്യ, നിയോനേറ്റോളജി പെർഫ്യൂഷൻ, ഐസിയു, നഴ്സിങ് വിഭാഗങ്ങളുടെ ഏകോപനമാണ് ഈ നേട്ടത്തിന് പിന്നിൽ.
Most Read| പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ





































