കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെട്ടതിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട് തേടി. ചില വിദ്യാർഥി സംഘടനകളും മറ്റും രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രി എൻ. ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട് തേടിയത്.
കാസർഗോഡ് മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ളബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026′ മൽസരത്തിലെ ചോദ്യമാണ് വിവാദമായത്. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്നായിരുന്നു ചോദ്യം.
അധ്യാപകർക്ക് നൽകിയ ഉത്തര സൂചികയിൽ ഇതിന്റെ ഉത്തരമായി രേഖപ്പെടുത്തിയത് വിഡി സവർക്കർ എന്നാണ്. ഇതുമായി ബന്ധപ്പെട്ട് എഇഒമാരോടും തയ്യാറാക്കിയ അധ്യാപകരോടും വിശദീകരണം തേടിയിട്ടുണ്ട്.
സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് അസോസിയേഷൻ ഭാരവാഹിയെന്നും അദ്ദേഹമാണ് ചോദ്യം തയ്യാറാക്കിയതെന്നുമാണ് പരാതി, ഇത് എഇഒ വഴിയാണ് സ്കൂളുകൾക്ക് കൈമാറിയത്. പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമായി ഉയർത്തുന്നതോടെ സർക്കാർ പ്രതിരോധത്തിൽ ആയിട്ടുണ്ട്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ




































