കോഴിക്കോട്: ബെംഗളൂരു- മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ കെഎസ്ആർടിസി ബസ് അപകടം ഉണ്ടാകാൻ കാരണമായത് ഗുരുതരമായ ചട്ടലംഘനമെന്ന് ആരോപണം. ജീവനക്കാർക്ക് ഡ്യൂട്ടി നൽകുന്നതിൽ ചട്ടലംഘനം നടന്നതായാണ് ആക്ഷേപം. അപകടത്തിൽ മരിച്ച കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷിന് മതിയായ വിശ്രമം ലഭിച്ചിരുന്നില്ലെന്നാണ് വിവരം.
കെഎസ്ആർടിസി ബസിലെ താൽക്കാലിക ഡ്രൈവറാണ് മിഥിലേഷ്. ദിവസ വേതനാടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മൈസൂരു ട്രിപ്പ് കഴിഞ്ഞ് വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് കോഴിക്കോട് ഡിപ്പോയിൽ തിരിച്ചെത്തിയത്. അതേ ദിവസം തന്നെ രാത്രി 9.30ന് ബെംഗളൂരുവിലേക്ക് പോകുന്ന സൂപ്പർ ഡീലക്‌സ് ബസിലും അദ്ദേഹത്തിന് ഡ്യൂട്ടി നൽകി.
മറ്റു ഡ്രൈവർമാർ ഇല്ലാത്തതിനാൽ സർവീസ് എടുക്കാൻ മിഥിലേഷിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. മതിയായ വിശ്രമവും ഉറക്കവും ലഭിക്കാത്തതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചത്. ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കണമെന്ന സർക്കുലറും ഡ്രൈവർ കം കണ്ടക്‌ടർ മാനദണ്ഡവും ലംഘിച്ചുവെന്നാണ് കണ്ടെത്തൽ.
മരിച്ച കണ്ടക്‌ടർ ചേവായൂർ സ്വദേശി അരുൺ ഡ്രൈവർ കം കണ്ടക്‌ടർ അല്ലായിരുന്നു. കോഴിക്കോട് സിറ്റി, ലിമിറ്റഡ് ബസുകളിൽ ഏറെനാളായി ഡ്രൈവറായിരുന്ന മിഥിലേഷ് ഒരുവർഷം മുമ്പാണ് ദിവസ വേതനാടിസ്‌ഥാനത്തിൽ കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്‌സ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം നടന്നത്. 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരു- മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ ബിഡദിക്ക് സമീപം ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം. മഴയുള്ള സമയത്ത് നിയന്ത്രണംവിട്ട ബസ് പാതയോരത്തെ വലിയ സൈൻബോർഡ് കമാനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈൻ ബോർഡ് തകർന്ന് വീഴുകയും ബസ് ഒരുവശത്തേക്ക് മറിയുകയും ചെയ്‌തു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ




































