കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട് ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് നാലുനിലകളുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്.
വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ കെട്ടിടങ്ങളുടെ വിഭാഗത്തിലേക്കാക്കാൻ 2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, പരിശോധന നടത്താനെത്തിയ അധികൃതർ നിർമാണത്തിൽ കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2022 മാർച്ച് 28ന് അന്റോയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
പിന്നീട്, അനധികൃത നിർമാണം ക്രമവൽക്കരിക്കാൻ ആന്റോ നൽകിയ അപേക്ഷ തള്ളിയ പഞ്ചായത്ത് സെക്രട്ടറി ഈ കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നതായി പ്രത്യേക അന്വേഷണ സംഘം തലവനായ അസി. എക്സൈസ് കമ്മീഷണർ ആർഎൻ ബൈജു തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടം തന്റെ പേരിലല്ലെന്നും ഭാര്യാമാതാവ് ലില്ലി ജോസിന്റെ പേരിലാണെന്നുമാണ് ചോദ്യം ചെയ്യലിലും കോടതിയിലും ആന്റോ ഉയർത്തിയ പ്രധാന വാദം. എന്നാൽ, തണ്ടപ്പേർ രേഖകൾ പ്രകാരം വീടിന്റെ യഥാർഥ ഉടമസ്ഥൻ ആന്റോ അഗസ്റ്റിൻ തന്നെയാണെന്ന് എക്സൈസ് ഉറപ്പിച്ചു. പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയിലും വിലാസം ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം






































