ബൊഗോട്ട: ശക്തമായ ഭൂചലനത്തിൽ വിറങ്ങലിച്ച് കൊളംബിയ. ഇതുവരെ 132 പേർ കൊല്ലപ്പെടുകയും 570ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
മരണസഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വൻതോതിൽ നാശനഷ്ടങ്ങൾ വരുത്തി. ബൊഗോട്ടയിൽ നിന്ന് 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനം അനുഭവപ്പെട്ടത്.
നിരവധി കെട്ടിടങ്ങൾ തകർന്നു. വീടുകൾ വിണ്ടുകീറി. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തകർന്നുവീണ നൂറുകണക്കിന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള അടിയന്തര രക്ഷാപ്രവർത്തനം വിവിധ നഗരങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ഭൂമിയിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയൻ അധികൃതരും അറിയിച്ചു. അയൽരാജ്യമായ ഇക്വഡോറിലും വെനസ്വേലയുടെ അതിർത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഈ നൂറ്റാണ്ടിൽ ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
അതിനിടെ, കൂടുതൽ തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ 21 തുടർചലനങ്ങൾ ഉണ്ടായതായും കുറഞ്ഞത് 1575 വീടുകളും 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നതായും പ്രസിഡണ്ട് അബെലാർഡോ ഡി ലാ എസ്പ്രിയെല്ല അറിയിച്ചു. 61 കെട്ടിടങ്ങൾ പൂർണമായും തകർന്ന് തരിപ്പണമായി.
ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര ധനസഹായവും പുനരധിവാസവും വേഗത്തിലാക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ അവസാനത്തിൽ അയൽരാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കൊളംബിയയെയും ഭൂചലനം പിടിച്ചുകുലുക്കിയത്. വെനസ്വേലയിൽ ഉണ്ടായ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളിൽ അയ്യായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































