കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തുവെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് കരാറിൽ ഒപ്പിട്ടുവെന്നും അനുമതിയില്ലാതെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിനെ സാക്ഷിയാക്കിയെന്നുമാണ് കണ്ടെത്തൽ.
അന്ന് കായിക മന്ത്രിയായിരുന്ന വി അബ്‌ദുറഹ്‌മാന്റെ ഇ-മെയിൽ ഇടപാടുകൾക്കായി ഉപയോഗിച്ചു. ആദ്യത്തെ സ്‌പോൺസർമാരെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി സംശയിക്കുന്നു. കേസിൽ വി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും.
എസ്ഐടിയുടെ പ്രാഥമിക റിപ്പോർട് ഇന്ന് ഡിജിപിക്ക് കൈമാറും. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തി കേസെടുക്കണമെന്ന ശുപാർശയാണ് ഇപ്പോൾ സംസ്‌ഥാന പോലീസ് മേധാവിക്ക് എസ്ഐടി കൈമാറുന്നത്. കൂടാതെ, റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ്ഐടി വ്യക്‌തമാക്കുന്നു.
അഴിമതി കുറ്റം ചുമത്തി നിലവിലെ എഫ്‌ഐആർ പുതുക്കാനാണ് തീരുമാനം. അഴിമതി കേസിൽ ആന്റോയും ഉദ്യോഗസ്‌ഥരും പ്രതികളാകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും ശുപാർശ നൽകും. ഇഡി, ആർബിഐ, കസ്‌റ്റംസ് അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.
അതിനിടെ, തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിക്കെതിരെ ജിഎസ്‌ടി വകുപ്പ് 56.32 കോടി രൂപയുടെ പിഴ ചുമത്തിയിട്ടുണ്ട്. നികുതി കുടിശികയ്‌ക്കൊപ്പം പിഴയും ഉൾപ്പെടുന്നതാണ് തുക. നികുതി ഇനത്തിൽ 25.78 കോടി, പലിശ- 4.76 കോടി, നികുതി വെട്ടിപ്പിന് 100% പിഴ- 25.78 കോടി ഉൾപ്പടെ 56.32 കോടിയാണ് അടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് ആർസിബിക്ക് ജിഎസ്‌ടി വകുപ്പ് ഉടൻ അയക്കും.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം






































