ന്യൂഡെൽഹി: വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പൊതുപരിപാടികൾ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഡയലോഡ് എന്ന പരിപാടി റദ്ദാക്കി. യുവാക്കളും ബിഎൽഒമാരും പങ്കെടുക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്.
തിങ്കളാഴ്‌ച വാരണാസിയിൽ നടക്കാനിരിക്കുന്ന സമാനസ്വഭാവമുള്ള മറ്റൊരു പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി ബോബൈ ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
എസ്‌ഐആർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവന്നത്. ഗ്യാനേഷ് കുമാറിനെ സ്‌ഥാനത്ത് നിന്ന് നീക്കാനാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രമേയത്തിന് പ്രതിപക്ഷം ഒരാഴ്‌ചയ്‌ക്കകം നോട്ടീസ് നൽകും.
എസ്‌ഐആർ പ്രക്രിയ നിർത്തിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്‌ഐആറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമെന്ന വിവരം വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്‌ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷനിലാണ് ഭിന്നതകൾ നിലനിന്നിരുന്നത്.
എസ്‌ഐആറുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെ നടത്തിയതിൽ സുഖ്‌ബീറും വിവേകും വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നെന്നാണ് റിപ്പോർട്. എസ്‌ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ കോടികണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന വിധത്തിൽ ഇത് മാറുകയും ചെയ്‌തിരുന്നു.
ഇത് നിയമവിരുദ്ധമെന്ന് ആരോപിച്ച് സുഖ്‌ബീറും വിവേകും രേഖാമൂലം ഗ്യാനേഷ് കുമാറിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ പത്തുമാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. തങ്ങളുടെ അനുമതിയില്ലാതെ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങൾ പലതും നിയമവിരുദ്ധമാണെന്ന് സുഖ്‌ബീറും വിവേകും ഫയലിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
Most Read| മലപ്പുറത്ത് അഞ്ചാംപനി വ്യാപനം; ഒരാഴ്‌ചയ്‌ക്കിടെ രണ്ടുമരണം, ജാഗ്രത വേണം




































