തിരുവനന്തപുരം: മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ കേരള ഫ്ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ് (Kerala Flood Resilience Initiative) നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്ധർ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
സംസ്ഥാനത്ത് ഉണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിർദ്ദേശിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, റിമോട്ട് സെൻസിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും പദ്ധതി വഴി സാധിക്കും.
പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയും സാമ്പത്തിക ബാധ്യതകളും നടപ്പാക്കൽ രീതികളും സംബന്ധിച്ച് വിശദമായ പരിശോധന നടത്താൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇരു വകുപ്പുകളും ഒരുമാസത്തിനകം റിപ്പോർട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പദ്ധതിയുടെ തുടർനടപടികൾ.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്റ്റ് ഗോസ്റ്റ്’ കണ്ണൂരിലും




































