ടെഹ്‌റാൻ: ഇറാനെതിരെ കടുത്ത സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് കടുത്ത ഘട്ടത്തിലേക്ക് കടന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഒരു രാജ്യത്തിന് നേരെ സാമ്പത്തികമായി നടക്കുന്ന ഏറ്റവും വലിയ ഉപരോധ നടപടികൾക്കാണ് യുഎസ് തുടക്കമിട്ടിരിക്കുന്നത്. ഇറാന്റെ എല്ലാ സാമ്പത്തിക ധമനികളും പൂർണമായി വിച്‌ഛേദിക്കുക എന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ലോകവിപണിയെ ആശങ്കയിലാഴ്‌ത്തി, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക യുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നതെന്ന് ട്രംപ് അറിയിച്ചു. ഇതിനെ സാമ്പത്തിക ചരിത്രത്തിലെ ഡി-ഡേ (Economic D Day) എന്നാണ് വിളിക്കുന്നതെന്നും ട്രംപ് വ്യക്‌തമാക്കി.
ഇത് വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വരവിൽ തടസമുണ്ടാക്കും. എണ്ണവിലയും കത്തും. പണപ്പെരുപ്പം കൂടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. ഇറാനുമായി ബിസിനസ്, സാമ്പത്തിക ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങൾക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്‌ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ വഴി ഇറാനെ സഹായിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.
ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്‌താക്കളായ ചൈനക്കും റഷ്യക്കും ഈ നീക്കം വലിയ തിരിച്ചടിയാകും. ഇതിന് പുറമെ ജപ്പാനിലെ ഛബഹാർ തുറമുഖത്തിന്റെ വികസനം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യക്കും ഈ ഉപരോധം കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കും. കള്ളക്കടത്ത് വഴിയുള്ള എണ്ണ വിൽപ്പന, വ്യാജ കമ്പനികൾ, കറൻസി സ്വാപ്പ്, കപ്പൽ രജിസ്‌ട്രേഷനുകൾ എന്നിവയിലൂടെ ഇറാൻ ഉപരോധം മറികടക്കുന്നത് ഇനി അനുവദിക്കില്ലെന്നും യുഎസ് ഭരണകൂടം വ്യക്‌തമാക്കി.
അമേരിക്കയുമായുള്ള ചർച്ചകൾ വഴിമുട്ടിയ പശ്‌ചാത്തലത്തിൽ ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങൾ നടത്തിവന്ന മധ്യസ്‌ഥ ശ്രമങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾക്കുമേൽ അമേരിക്കയുടെ കടുത്ത സമ്മർദ്ദമുള്ളതിനാൽ നിലവിൽ മധ്യസ്‌ഥ ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോവുക ദുഷ്‌കരമാണ്. അതിനിടെ, പാകിസ്‌ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി ഫോണിൽ ചർച്ച നടത്തിയതായാണ് വിവരം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































