കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്ക് ലഭിച്ച അഞ്ചുവർഷത്തെ ശിക്ഷയാണ് മരവിപ്പിച്ചത്.
നാല് പ്രതികൾക്കും ജയിലിൽ നിന്ന് പുറത്തിറങ്ങാമെന്നും കോടതി വ്യക്‌തമാക്കി. പോലീസ് കോൺസ്‌റ്റബിൾ അബ്‌ദുൽ സലാം, ഫോറസ്‌റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിലാണ് ഗീതാനന്ദൻ ഉൾപ്പടെ നാലുപേരെ വിചാരണക്കോടതി ശിക്ഷിച്ചത്. ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ഹർജിക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ആദിവാസി കുടുംബങ്ങൾ മുത്തങ്ങയിലെ കാടുകൾ കയ്യേറിൽ കുടിൽകെട്ടി സമരം തുടങ്ങുന്നത്. അഞ്ചേക്കർ ഭൂമിയെന്ന സർക്കാർ വാഗ്‌ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിവിധ ഗോത്ര ഊരുകളിൽ നിന്നുള്ള 825 കുടുംബങ്ങളിലെ നാലായിരത്തോളം ആളുകൾ സമരം ആരംഭിച്ചത്.
ഗോത്രമഹാസഭ നേതാക്കളായ സികെ ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു മുത്തങ്ങ ഭൂസമരം. ഫെബ്രുവരി 19ന് സമരക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പോലീസ് നടപടിക്കിടെയാണ് വെടിവയ്‌പ്പും സംഘർഷവും ഉണ്ടായത്. ഇതിനിടയിൽ വിനോദ് എന്ന പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെടുകയും അബ്‌ദുൽ സലാം, ശശിധരൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
വിചാരണക്കോടതി പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും അക്രമം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം തടവും 36,000 രൂപ പിഴയും വിധിക്കുകയായിരുന്നു. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം ഗീതാനന്ദന് പുറമെ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, 11ആം പ്രതി അനിൽ കുമാർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.
Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!






































