ടെഹ്റാൻ: യുദ്ധത്തിൽ അയഞ്ഞ് ഇറാൻ. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ വ്യക്‌തമാക്കി. യുഎസിനേക്കാൾ ശക്‌തിയും അന്തസമുള്ള നിലപാടാണ് ഇറാനുള്ളത്. യുദ്ധത്തിൽ തങ്ങൾക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് എല്ലാ നിയമങ്ങളും ലംഘിച്ചു. ഇറാന്റെ സ്‌കൂളുകളും ആശുപത്രികളും ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ആക്രമിച്ചു. യുദ്ധം തീർത്ത പ്രതിസന്ധികൾ ലോകത്തെ ഇപ്പോഴും ബാധിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നു.
ഇറാനുമേൽ നാവിക ഉപരോധം തീർത്ത് യുഎസും ശക്‌തമായി രംഗത്തുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ഉപരോധം സാമ്പത്തിക ഭീകരതയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വിചാരണയും ശിക്ഷയും അർഹിക്കുന്ന കുറ്റകൃത്യമാണിത്. യുഎസ് സ്വന്തം സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കടബാധ്യതയിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ഇറാൻ ആരോപിച്ചു. സൈനിക നീക്കങ്ങൾക്ക് പകരം സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ തകർക്കാനാണ് ഇപ്പോൾ യുഎസ് ശ്രമിക്കുന്നതെന്നും ഇറാൻ ആരോപിച്ചു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































