തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നാളെ ഉച്ചക്ക് 2.30ന് നടക്കാനിരിക്കുന്ന കൊച്ചി ബ്ളൂ ടൈഗേഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് മൽസരത്തിന് മുന്നോടിയായാണ് കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം ‘യൂണിവേഴ്‌സൽ ബോസ്’ ക്രിസ് ഗെയ്ൽ (ശനിയാഴ്‌ച) തലസ്‌ഥാനത്ത് എത്തുന്നത്.
ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം നേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. കളിയിൽ നേരിട്ട് അദ്ദേഹം പങ്കെടുക്കുന്നില്ലെങ്കിലും കേരളത്തിലെ ക്രിക്കറ്റ് ചരിത്രത്തിൽ രേഖപ്പെടുത്താനായി അദ്ദേഹം ബാറ്റ് എടുക്കുമെന്നാണ് സംഘാടകർ പറയുന്നതും കാണികൾ പ്രതീക്ഷിക്കുന്നതും.
വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റിങ് വിസ്‌മയമായ ഗെയ്ൽ ബാറ്റ് കൈകളിലെടുത്താൽ അത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിനും കേരളത്തിനും ചരിത്ര നിമിഷമാകും. കേരള ക്രിക്കറ്റ് ലീഗ് മൽസരങ്ങളുടെ അന്തരാഷ്‍ട്ര വിസിബിലിറ്റി ഇതോടെ റോക്കറ്റ് വേഗത്തിൽ കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.
ശനിയാഴ്‌ച വിമാനമാർഗം തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 11.30ന് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ബ്ളൂ ടൈഗേഴ്‌സ്, പേസർ ബേസിൽ തമ്പിയുടെയും ക്യാപ്റ്റൻ അലി സാംസണിന്റെയും നേതൃത്വത്തിലാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.
വിനൂപ് മനോഹരൻ, കെഎം ആസിഫ്, ഏദൻ ആപ്പിൾ ടോം, ഭിന്നശേഷി ലോകകപ്പ് ജേതാവ് അനീഷ് രാജൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അടങ്ങുന്നതാണ് കൊച്ചിയുടെ നിര. സിഎം ദീപക് പരിശീലകനായ ടീമിന്റെ ഉടമ വ്യവസായി സുഭാഷ് മാനുവലാണ്.
കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന കൊച്ചി ബ്ളൂ ടൈഗേഴ്‌സിന്, ഗാലറിയിലെ ആരാധക പിന്തുണക്കൊപ്പം ഗെയ്‌ലിന്റെ സാന്നിധ്യം കൂടി ലഭിക്കുന്നത് ഇരട്ടി കരുത്താകും. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പവർ ഹിറ്റർമാരിലൊരാളായ അദ്ദേഹം സ്‌റ്റേഡിയത്തിൽ നേരിട്ടെത്തുന്നതിലൂടെ കെസിഎൽ മൂന്നാം സീസണിന് ആഗോളശ്രദ്ധ ലഭിക്കുമെന്നാണ് സംഘാടക പ്രതീക്ഷ.
ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലുമെത്തും
മൽസരത്തിന് ശേഷം 30ആം തീയതി ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തും. രാവിലെ പത്തുമണിയോടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം ജോർജിയൻ പബ്ളിക് സ്‌കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.
പുതുപ്പള്ളിയുടെ കലാ- സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന കഥകളി, പുലിക്കളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പടെ 11 കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാകും ഗെയ്‌ലിന് സ്വീകരണം നൽകുക.
പുതുപ്പള്ളി പൈതൃക സാംസ്‌കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള സംവാദവും തുടർന്ന് നടക്കും. വെന്നിമലയിൽ രാജ്യാന്തര മൈതാനത്തിനായി പരിഗണിക്കുന്ന സ്‌ഥലവും അദ്ദേഹം സന്ദർശിക്കും. പുതുപ്പള്ളിയുടെ കായിക-സാംസ്‌കാരിക മേഖലകൾക്ക് രാജ്യാന്തര ശ്രദ്ധ ലഭ്യമാക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































