മക്ക: ഹൂതികൾ വിശുദ്ധ മക്ക ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ. ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി റോയൽ വ്യോമ പ്രതിരോധ സേന തടഞ്ഞ് തകർത്തു. മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനയുടെ സംയുക്ത സേന കമാൻഡ് അറിയിച്ചു.
സെപ്തംബർ 15 ചൊവ്വാഴ്ച രാത്രി 6.50ഓടെ മക്ക നഗരത്തിന്റെ തെക്കൻ ഭാഗത്താണ് ഡ്രോൺ പ്രതിരോധ സേന തകർത്തതെന്ന് സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണ ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് മക്ക ലക്ഷ്യമിട്ടിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ഗുരുതരമായ നടപടിയാണ് ഹൂതികളുടെ പുതിയ നീക്കമെന്ന് അൽ-മാലികി പറഞ്ഞു. രണ്ട് വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹൂതി വിമതർ ആക്രമണ ശ്രമം നിഷേധിച്ചു. മക്ക ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഹൂതി പൊളിറ്റ് ബ്യൂറോ അറിയിച്ചു. ആക്രമണ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ മക്കയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് മക്കയിൽ വ്യോമാക്രമണ ഭീഷണി അലർട് പുറപ്പെടുവിക്കുന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































