ന്യൂഡെൽഹി: ഇന്ത്യയുടെ സൈനിക ശേഷിയെ പ്രശംസിച്ച് പാക്കിസ്ഥാൻ. ഇന്ത്യയുടെ വളർന്നുവരുന്ന സൈനിക ശേഷിയെ പാക്കിസ്ഥാൻ ബഹുമാനിക്കുന്നതായും ആയുധപ്പന്തയത്തിന് ഇല്ലെന്നും പാക്ക് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
പ്രതിരോധ ശേഷിയിലാണ് പാക്കിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്തണമെന്ന നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുമായും തുർക്കിയുമായും പാക്കിസ്ഥാൻ ഉണ്ടാക്കിയ പ്രതിരോധ കരാർ കൂട്ടായ പ്രതിരോധത്തിനായുള്ള ക്രമീകരണമാണെന്നും മറ്റൊരു രാജ്യത്തെ ആക്രമിക്കുകയെന്ന ലക്ഷ്യമില്ലെന്നും ചൗധരി പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ആക്രമണത്തെ തുടർന്ന് മേയ് ഏഴിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു. തുടർന്ന് മേയ് പത്തിന് ഇരുരാജ്യങ്ങളും സൈനിക നടപടികൾ നിർത്തിവെക്കാൻ ധാരണയിൽ എത്തുകയും ചെയ്തിരുന്നു.
അതിനുശേഷം ഇന്ത്യ പ്രതിരോധത്തിനായുള്ള വിഹിതം വർധിപ്പിച്ചിരുന്നു. 2026-27 കേന്ദ്ര ബജറ്റിൽ പ്രതിരോധത്തിനായി 7.85 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. വ്യോമപ്രതിരോധവും മിസൈൽ ഉൽപ്പാദനവും വിപുലീകരിച്ചു. പാക്കിസ്ഥാനുമായുള്ള ദീർഘകാലമായുള്ള സിന്ധൂനദീജല കരാറും ഇന്ത്യ താൽക്കാലിമായി മരവിപ്പിച്ചിരുന്നു.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം






































