കോഴിക്കോട്: മിൽമയുടെ മലബാർ യൂണിയനിൽ ഉയർന്ന ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ. മിൽമ ജോയിന്റ് ഡയറക്‌ടർ ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്‌ടർ സജിനി, അസി. ഡയറക്‌ടർ സ്‌മിത എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
വ്യാപക ക്രമക്കേട് കണ്ടെത്തിയതിനാലാണ് മലബാർ യൂണിയൻ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേഷൻ ഭരണം ഏർപ്പെടുത്തിയത്. യൂണിയനിൽ കഴിഞ്ഞ 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത് വഴി 27 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായും കണ്ടെത്തി.
മലപ്പുറം ഡയറിയിൽ നിന്ന് 84 ലക്ഷം രൂപയുടെ നെയ്യ് മോഷണം പോയി തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് ക്ഷീര വികസന ഡയറക്‌ടറുടെ പരിശോധനയിൽ കണ്ടെത്തിയത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് മിൽമ മലബാർ യൂണിയൻ പ്രവർത്തിച്ചിരുന്നത്.
മൂന്നംഗ സംഘം സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ അഴിമതിയും വ്യാപക ക്രമക്കേടുകളും സ്‌ഥിരീകരിച്ചാൽ തുടരന്വേഷണം വിജിലൻസിന് കൈമാറാനാണ് സർക്കാരിന്റെ തീരുമാനം. അതേസമയം, സർക്കാർ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മിൽമ ചെയർമാൻ കെഎസ് മണിയുടെ വാദം. യൂണിയൻ പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാനും മിൽമ ആലോചിക്കുന്നുണ്ട്.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം



































