ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാക്കൻ ഇന്ത്യാ സഖ്യം. പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇന്ത്യ മുന്നണിയുടെ യോഗം വരുന്ന ബുധനാഴ്‌ച ഡെൽഹിയിലെ കോൺസ്‌റ്റിറ്റ്യൂഷൻ ക്ളബിൽ ചേരും. ഇതിന് മുന്നോടിയായി ചൊവ്വാഴ്‌ച കോൺഗ്രസ് പ്രവർത്തക സമിതി യോഗവും നടക്കുന്നുണ്ട്.
ബിഹാർ ഉൾപ്പടെ പല മണ്ഡലങ്ങളിലും വലിയതോതിൽ വോട്ടുകൾ വെട്ടിമാറ്റിയെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാഷ്‌ട്രീയ കക്ഷികൾ ഏകപക്ഷീയമായി നടത്തിവരുന്ന സമരങ്ങൾക്കൊപ്പം രാജ്യവ്യാപകമായി ഒറ്റക്കെട്ടായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം.
മമത ബാനർജി ഉൾപ്പടെ വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആശയവിനിമയം നടത്തി. തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർട്ടിയുമായും മറ്റു പ്രമുഖ കക്ഷികളുമായും ആശയവിനിമയം പൂർത്തിയാക്കിയിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത വിധം വലിയൊരു സംയുക്‌ത സമരത്തിന് രൂപം നൽകാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
കോൺഗ്രസ് ആദ്യഘട്ട പ്രതിഷേധങ്ങൾ രാജ്യത്തുടനീളം പൂർത്തിയാക്കിയ ശേഷം സെപ്‌തംബർ 28 മുതൽ രണ്ടാംഘട്ട പ്രതിഷേധത്തിലേക്ക് കടക്കും. അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിൽ സിജെപി ഒക്‌ടോബർ രണ്ടിന് മുംബൈയിൽ നിന്ന് പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കർണാടകയിൽ പ്രകാശ് രാജിന്റെ നേതൃത്വത്തിലും സമരങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം





































