തിരുവനന്തപുരം: ഗ്യാനേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കേരള മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു.
വലിയ അപരാധമാണ് ഗ്യാനേഷ് കുമാർ ചെയ്തതെന്നും ഉയർന്ന തലത്തിൽ അദ്ദേഹത്തിന് സംരക്ഷണം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വളരെ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വേച്ഛാധിപതിയെ പോലെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതാണ് അതിന് കാരണം. അത് നിയമവിരുദ്ധമാണ്. ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചായിരിക്കണം തീരുമാനങ്ങൾ. പക്ഷേ, അദ്ദേഹം അത് മാനിച്ചില്ല. തിരഞ്ഞെടുപ്പിന്റെ സുതാര്യതയെയും നിക്ഷ്പക്ഷതയെയും സത്യസന്ധതയുമെല്ലാം ബാധിക്കുന്ന കാര്യങ്ങളാണെന്നും ടിക്കാറാം മീണ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സംശുദ്ധവുമായിരിക്കണമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ടെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരിക്കുന്ന പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ എന്താണ് ബന്ധം? എന്തിനാണ് കമ്മീഷന് സർക്കാരിന്റെ സംരക്ഷണം? സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് അത്. അവർക്ക് സർക്കാരിന്റെയോ ഭരിക്കുന്ന പാർട്ടിയുടേയോ സംരക്ഷണം ആവശ്യമില്ലെന്നും, മുൻ കമ്മീഷണർമാരെല്ലാം അതാണ് പിന്തുടർന്നതെന്നും ടിക്കാറാം മീണ പറഞ്ഞു.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം





































