ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ തലസ്ഥാനത്ത് കേന്ദ്രം പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളിൽ വിമർശനവുമായി സുപ്രീം കോടതി. നിയമപാലകർക്ക് ക്രമസമാധാന പരിപാലനത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അവകാശമുണ്ടെന്ന് പറഞ്ഞ കോടതി, എന്നാൽ അത് പരിധി വിടരുതെന്നും ചൂണ്ടിക്കാട്ടി.
ഡൽഹി മെട്രോ ട്രെയിൻ ഗതാഗതം പൂർണമായി തടയരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കി, അടച്ചിടുന്ന മെട്രോ സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. സെക്രട്ടറി എംഎ ബേബി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സിജെപി സമരത്തിന് മുന്നോടിയായി ട്രെയിനുകളെല്ലാം റദ്ദാക്കിയെന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടുവെന്നും എംഎ ബേബിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ജനങ്ങൾക്ക് എങ്ങോട്ടും പോകാൻ കഴിയുന്നില്ല. സമാധാനപരമായ പ്രതിഷേധമാണ് നടക്കുന്നതെന്നും കപിൽ സിബൽ കോടതിയെ ധരിപ്പിച്ചു.
മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചിടുന്നതിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. നിയന്ത്രണം നടപ്പിലാക്കാൻ പോലീസിന് അധികാരമുണ്ട്. എന്നാൽ, എല്ലാം അടച്ചിടണയും ആളുകളെ ഗതാഗത മാർഗമില്ലാതെ ബുദ്ധിമുട്ടിക്കാനും കഴിയില്ല. എല്ലാവർക്കും സ്വന്തമായി കാറില്ല. ആളുകൾ പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. പൂർണമായി അടച്ചിടുന്ന നടപടി പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു.
അതേസമയം, നാളെ നടക്കുന്ന സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് പ്രവർത്തകർ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ട്രെയിനുകൾ റദ്ദാക്കി. ന്യൂഡെൽഹി, ഹസ്രത്ത് നിസാമുദ്ധീൻ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് നാളെ പുലർച്ചെ നാലുമണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ റദ്ദാക്കിയത്.
പ്രവർത്തകർ ജന്തർ മന്തറിലേക്ക് എത്താനുള്ള എല്ലാ മാർഗങ്ങളും പോലീസ് അടക്കുകയാണ്. 23,000 സിആർപിഎഫ് ജവാൻമാരെ ഡെൽഹിയിൽ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സാമൂഹിക മാദ്ധ്യമങ്ങൾക്കും കേന്ദ്രം വിലക്ക് ഏർപ്പെടുത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിർദ്ദേശം.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്




































