റിയാദ്: സൗദി അറേബ്യയിൽ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. ഇന്ന് രാവിലെ മാത്രം ഏഴ് ആക്രമണങ്ങളാണ് നടത്തിയത്. ഡ്രോണുകളും ബാലിസ്‌റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തകർത്തതായി സൗദി സഖ്യ സേന അറിയിച്ചു.
തെക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി നാല് ഡ്രോണുകളാണ് ഹൂതികൾ ഉപയോഗിച്ചത്. കിഴക്കൻ പ്രവിശ്യയെ മൂന്ന് ബാലിസ്‌റ്റിക് മിസൈലുകൾ ഉപയോഗിച്ചും ആക്രമിക്കാൻ ശ്രമിച്ചു. ഇന്ന് പുലർച്ചെ മൂന്നിനും 4.50നുമാണ് ആക്രമണങ്ങൾ ഉണ്ടായത്. ഇന്നലെയും റിയാദിനെ അടക്കം ലക്ഷ്യംവെച്ച് ഹൂതികൾ ആക്രമണം നടത്തിയിരുന്നു.
അതേസമയം, സഖ്യസേന യെമനിൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നാശമുണ്ടായിട്ടുണ്ട്. ഹൂതികളുടെ മിസൈൽ സംഭരണ തുരങ്കങ്ങളും നാല് മിസൈൽ വിക്ഷേപണ പ്ളാറ്റ്‌ഫോമുകളും ഒരു മിസൈൽ സംഭരണ ശാലയും തകർത്തതായി സഖ്യസേന അറിയിച്ചു. ഹൂതികളുടെ ആയുധവിതരണം തടസപ്പെടുത്തിയതായും സഖ്യസേന വക്‌താവ് വ്യക്‌തമാക്കിയിട്ടുണ്ട്.
സൗദിയിലെ ഗ്രീസിന്റെ വ്യോമ പ്രതിരോധ സംവിധാനം തുടരാനും തീരുമാനിച്ചിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഗ്രീക്ക് പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. സൗദിക്ക് സൈനിക സഹായം നൽകാൻ ഈജിപ്‌തും തീരുമാനിച്ചിട്ടുണ്ട്.
ഹൂതികളുടെ സൗദിയിലേക്കുള്ള ആക്രമണം തടയാനുള്ള സഹായങ്ങൾ നൽകാനാണ് ഈജിപ്‌ത് പ്രസിഡണ്ടിന് പാർലമെന്റ് അനുമതി നൽകിയത്. സൗദിയും പാക്കിസ്‌ഥാനും തുർക്കിയും ഉൾപ്പെട്ട മക്ക സഖ്യം ടെഹ്റാനിൽ ഇറാനുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു.
Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്






































