ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധ റാലിക്ക് ഉപാധികളോടെ അനുമതി നൽകി ഡെൽഹി പോലീസ്. റാലിക്ക് മുന്നോടിയായി കർശന നിബന്ധനകളും നിർദ്ദേശങ്ങളുമാണ് ഡെൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അച്ചടക്കം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. വൈകീട്ട് അഞ്ചുമണിക്ക് മുൻപ് റാലി അവസാനിപ്പിക്കണമെന്നും പോലീസ് വ്യക്തമാക്കി. തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും പോലീസ് പറയുന്നു.
പ്രതിഷേധത്തിനായി ഒക്ടോബർ 25 മുതൽ നവംബർ മൂന്നുവരെ രാംലീല മൈതാനം ബുക്ക് ചെയ്യാനുള്ള അഭ്യർഥന പരിഗണിച്ചാണ് ഡെൽഹി പോലീസ് അനുമതി നൽകിയത്. സെൻട്രൽ ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്നാണ് കോൺഗ്രസിന് അനുമതി ലഭിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്ഐആർ നടപടികൾക്ക് അനുമതി നൽകിയത് ഏകകണ്ഠമായ തീരുമാനത്തിലൂടെയല്ലെന്ന ആരോപണം ഉൾപ്പടെ പരിശോധിക്കുമെന്ന് കോടതി
അറിയിച്ചു.
‘ഞങ്ങൾക്കെല്ലാം അറിയാം, ഞങ്ങൾ പരിശോധിക്കും’ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കേസ് പരിഗണിക്കുന്നത് നവംബർ 17ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്





































