കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിനിടെ ലഷ്കർ ഇ-ത്വയിബ കമാൻഡർ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിനിടെ മസ്ജിദിനുള്ളിൽ കുടുങ്ങിയ ഭീകരനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കശ്മീർ താഴ്വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്കർ ഭീകരനായി സുരക്ഷാ ഏജൻസികൾ കണക്കാക്കിയിരുന്ന ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ സേന വീഡിയോ കോളിലൂടെ ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല.
തനിക്ക് ദൈവത്തെ കാണാനാണ് ആഗ്രഹമെന്നും അതിൽ വളരെ സന്തോഷവാനാണെന്നും മറുപടി നൽകിയ ഇയാൾ മസ്ജിദിനുള്ളിൽ നിന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുന്നത് തുടരുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ ശക്തമായ അക്രമണത്തിനൊടുവിലാണ് ലത്തീഫ് ഭട്ട് വധിക്കപ്പെട്ടത്.
ഈമാസം 11ന് സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടായിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് മുന്നോടിയായി പ്രദേശങ്ങളിൽ ഇയാൾ നിരന്തരം നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.
ആക്രമണത്തിൽ പങ്കാളിയായ ഇയാളുടെ കൂട്ടാളി ഉമർ നിസാർ ദാർ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ലാറു ബൈപാപ്പസിന് സമീപം ഇവർ ഒളിച്ചിരുന്ന സ്കൂൾ കെട്ടിടം വളഞ്ഞാണ് സുരക്ഷാസേന ഉമറിനെ വധിച്ചത്. ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടെന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വെടിയേറ്റ ഇയാൾ കടന്നുകളഞ്ഞതായി പിന്നീട് സ്ഥിരീകരിച്ചു.
കഴിഞ്ഞ ആറുമാസമായി ഉമർ നിസാർ ദാറാണ് ഭട്ടിന് താവളവും മറ്റു സഹായങ്ങളും നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജൂലൈ 22ന് അനന്ത്നാഗിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത




































