വിരുദുനഗര്‍: തമിഴ്നാട്ടില്‍ റോഡ്ഷോ നടത്തി നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) നേതാവുമായ കമല്‍ ഹാസന്. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചാണ് വിരുദുനഗര്‍ ടൗണില്‍ കമല്‍ ഹാസന് റോഡ്ഷോ നടത്തിയത്. വലിയ ജനക്കൂട്ടമാണ് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്പറത്തിക്കൊണ്ട് താരത്തെ കാണാന്‍ തടിച്ചുകൂടിയത്.
2021 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് കമല്‍ ഹാസന് പറഞ്ഞു. താന്‍ മല്‍സരിക്കുന്ന മണ്ഡലം ഏതാണെന്നത് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ തീര്‍ച്ചയായും മല്‍സരിക്കും, നിയോജകമണ്ഡലം ഏതാണെന്നതിനെ കുറിച്ച് പിന്നീട് പ്രഖ്യാപിക്കും’, കമല്‍ ഹാസന് വ്യക്തമാക്കി.
അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് നടന് രജനീകാന്തും ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഏറെ ചൂടുപിടിച്ചിരിക്കുകയാണ്. മാത്രവുമല്ല ബിജെപിയുമായുള്ള സഖ്യം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ഭരണകക്ഷിയായ എഐഎഡിഎംകെയും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
Read Also: വ്യക്തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹം; സമൂഹ മാദ്ധ്യമങ്ങൾക്ക് എതിരെ അന്വേഷണ നീക്കം