കോഴിക്കോട്: താമരശേരി ചുങ്കത്ത് ഭിന്നശേഷിക്കാരന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കേൾവിശക്‌തി തകരാറിലുള്ള കെടവൂർ സ്വദേശിയായ അബിൻ രാജിനെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 12.30ന് ചുങ്കത്തെ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയപ്പോഴായിരുന്നു അബിൻ രാജിനെ സംഘം മർദ്ദിച്ചത്. അബിൻ രാജിന്റെ ശ്രവണ സഹായിയും അക്രമി സംഘം നശിപ്പിച്ചു.
മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയായ മിച്ചഭൂമി സ്വദേശി അർജുന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരാതിയിൽ പറയുന്നു. രാത്രി തന്നെ നാട്ടുകാർ ചേർന്ന് അർജുനെ പിടികൂടി താമരശേരി പോലീസിൽ ഏൽപ്പിച്ചെങ്കിലും ഉടൻ വിട്ടയച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ അർജുനെയും അക്രമി സംഘത്തെയും കൈകാര്യം ചെയ്യുകയും ചെയ്‌തിരുന്നു. അർജുന്റെ ബൈക്കും നാട്ടുകാർ തല്ലിത്തകർത്തു.
സംഭവത്തിൽ പരിക്കേറ്റ അർജുനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ ചികിൽസക്ക് ശേഷം അബിൻ രാജ് ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ലഹരി സംഘത്തിനെതിരെ താമരശേരി അമ്പലമുക്കിൽ ഡിവൈഎഫ്ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം ഡിവൈഎഫ്ഐ കെടവൂർ നോർത്ത് യൂണിറ്റ് ഭാരവാഹിയായ അബിൻ രാജിനെ മർദ്ദിച്ചതെന്നാണ് വിവരം.
Most Read| ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി